മലയാളത്തിൻ്റെ പ്രിയ സംവിധായകരിൽ ഒരാളാണ് അല്‍ഫോന്‍സ് പുത്രന്‍. ‘പ്രേമം’ എന്ന സിനിമയോടെ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ അൽഫോൺസ് പുത്രൻ ശ്രദ്ധിക്കപ്പെട്ടു. ‘പ്രേമ’ത്തിനു ശേഷം രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സംവിധായകന്‍ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഓൺലൈൻ പേജിൽ പ്രസിദ്ധീകരിച്ചു വന്ന വ്യാജവാർത്ത ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്ന് പറയുകയാണ് അൽഫോന്‍സ്.
രജനികാന്ത് ചിത്രം ചെയ്യാൻ അൽഫോൻസ് പുത്രന് താൽപര്യമില്ലെന്നായിരുന്നു ആ വാർത്തയിൽ പറഞ്ഞിരുന്നത്. ഇതിൻ്റെ സത്യാവസ്ഥ അന്വേഷിച്ച് സൗന്ദര്യ രജനികാന്ത് തന്നെ വിളിച്ചിരുന്നുവെന്നും ‘പ്രേമ’ത്തിന് ശേഷം ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് മറുപടി നല്‍കിയെന്നും അല്‍ഫോന്‍സ് പറയുന്നു.
വർഷങ്ങൾക്കു ശേഷം പുതിയ ഗോൾഡിൻ്റെ കഥ പറയാൻ ഒരു ആർട്ടിസ്റ്റിൻ്റെ അടുത്തു ചെന്നപ്പോൾ ഈ കാരണം കൊണ്ട് തന്നെ കേൾക്കാൻ തയാറായില്ലെന്നുമാണ് പറയുന്നത്. താൻ ആഗ്രഹിച്ച പോലെ രജനീകാന്തിനൊപ്പമുള്ള തൻ്റെ സിനിമ നടന്നിരുന്നെങ്കിൽ പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ കലക്‌ഷന് നേടുമായിരുന്നു. ആ വാര്‍ത്ത നൽകിയാൾ ഒരു ദിവസം തൻ്റെ മുന്നില്‍ എത്തും. ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.
അല്‍ഫോന്‍സ് പുത്രൻ്റെ വാക്കുകൾ:
അന്ന്, 2015-ല്‍ പ്രേമം റിലീസിന് ശേഷം, ഒരു സംവിധായകനെന്ന നിലയില്‍ രജനികാന്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. 99 ശതമാനം സംവിധായകരും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഒരു ദിവസം രജനികാന്ത് ചിത്രം ചെയ്യാന്‍ അല്‍ഫോണ്‍സ് പുത്രന് താല്‍പര്യമില്ലെന്ന് ഒരു ഓണ്‍ലൈന്‍ പേജില്‍ ഒരു ലേഖനം വന്നു. ആ വാര്‍ത്ത എല്ലായിടത്തും പരന്നു. ഈ വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് സൗന്ദര്യ രജനികാന്ത് എനിക്ക് മെസേജ് അയച്ചിരുന്നു. ‘പ്രേമം’ റിലീസിന് ശേഷം ഞാന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് മറുപടി നല്‍കി.അവര്‍ അത് മനസിലാക്കി രജനി സാറിനോട് ഇക്കാര്യം സംസാരിച്ചു. അപ്പോഴാണ് ആ പ്രശ്നം പരിഹരിച്ചത്.
പിന്നീട് 2021 ഓഗസ്റ്റില്‍ ‘ഗോള്‍ഡി’ൻ്റെ കഥ ഒരു ആര്‍ട്ടിസ്റ്റിനോട് പറയുമ്പോള്‍, രജനികാന്തിൻ്റെ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ സംവിധായകനോട് താന്‍ സംസാരിക്കുന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി, പക്ഷേ അത് പുറത്ത് കാണിച്ചില്ല. 2015 മുതല്‍ ഇന്നുവരെ ഈ വ്യാജ വാര്‍ത്ത എന്നെ അലട്ടുന്നതായി എനിക്ക് തോന്നുന്നു. എനിക്ക് പറയാനുള്ളത് ഇത്രമാത്രം, രജനികാന്ത് സാറിനൊപ്പമുള്ള എൻ്റെ സിനിമ ഞാന്‍ ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കില്‍, പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ കലക്‌ഷന് നേടുമായിരുന്നു, സര്‍ക്കാരിനും ധാരാളം നികുതി ലഭിക്കുമായിരുന്നു. നഷ്ടം എനിക്കും സൂപ്പര്‍ സ്റ്റാറിനും പ്രേക്ഷകര്‍ക്കും സര്‍ക്കാരിനുമാണ്.
ഈ ലേഖനം ഇട്ട ആളും ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും ഒരു ദിവസം എൻ്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. നിങ്ങള്‍ ആ ദിവസത്തിനായി കാത്തിരിക്കുക. രജനികാന്ത് സാറിനൊപ്പമുള്ള എൻ്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും ചെയ്യുന്നതുപോലെ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Falphonseputhren%2Fposts%2F10160230651097625&show_text=true&width=500
















