കൊച്ചി: ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ല എന്ന ഗവര്‍ണറുടെ തീരുമാനം നിയമവിദ്ധമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പദവി ഏറ്റെടുക്കില്ല എന്നുപറയാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. ഗവര്‍ണര്‍ നിയമത്തിനും വിമര്‍ശനത്തിനും അതീതനായ ആള്‍ അല്ല. പദവി ഏറ്റെടുക്കാത്തത് നിയമപരമായി ചോദ്യം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ചാന്‍സലര്‍ പദവി ഒഴിയുകയാണെണ് കാണിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള ഭിന്നതയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ തീരുമാനം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനത്തില്‍ ഹൈക്കോടതി അയച്ച നോട്ടീസ് ഗവര്‍ണര്‍ ഇന്നലെ സര്‍ക്കാരിലേക്ക് തിരിച്ചയച്ചിരുന്നു.
ഹൈക്കോടതി നോട്ടീസ് അയച്ചത് ചാന്‍സലര്‍ക്കാണെന്നും താന്‍ എട്ടാം തീയതി മുതല്‍ ചാന്‍സലര്‍ അല്ലെന്നും നോട്ടീസില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ എന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.
അതേസമയം, കണ്ണൂര്‍ വിസി നിയമനത്തെക്കുറിച്ച് ഗവര്‍ണറുടെ ഓഫിസ് രേഖകള്‍ നല്‍കുന്നില്ലെന്ന് രമേശ് ചെന്നിത്തല. ലോകായുക്തയെ സമീപിക്കാന്‍ വൈകുന്നത് രേഖകള്‍ കിട്ടാത്തതിനാല്‍. ഗവര്‍ണര്‍ തെറ്റ് തിരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

















