ഇസ്രയേൽ തീരത്തിനടുത്തുള്ള പ്രാചീനകാലത്തെ ഹാർബറായ സീസേറിയയിൽ വൻ നിധിശേഖരം കണ്ടെത്തി. ഇസ്രയേലി പുരാവസ്തു വകുപ്പിനു കീഴിലുള്ള മുങ്ങൽവിദഗ്ധരാണു ചരിത്രാതീത കാലത്തെ ഈ നിധി കണ്ടെത്തിയത്. പൗരാണിക പ്രാധാന്യമുള്ള മേഖലയിൽ സർവേയിങ് നടത്തുന്നതിനിടയിൽ യാദൃച്ഛികമായാണു നിധി വെട്ടപ്പെട്ടതെന്ന് ഇസ്രയേലി പുരാവസ്തുവകുപ്പ് അറിയിച്ചു.
ആദ്യമായി ലോഹത്തിൽ നിർമിതവും കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു നങ്കൂരമാണു മുങ്ങൽവിദഗ്ധരുടെ മുന്നിൽ വന്നത്. ഇതെത്തുടർന്ന് കൂടുതൽ വസ്തുക്കളെന്തെങ്കിലും ഇവിടെ ഒളിച്ചിരിക്കുന്നോയെന്നറിയാൻ അവർ ഇവിടെ ശക്തമായ അന്വേഷണം നടത്തിയപ്പോഴാണു പൗരാണികകാലത്തെ പലവസ്തുക്കളും പൊങ്ങിവന്നത്. എഡി പതിനാലാം നൂറ്റാണ്ടിൽ തകർന്ന രണ്ട് വലിയ കപ്പലുകളിൽ നിന്നുള്ള നിധിയിലേക്കാണു് പര്യവേക്ഷക സംഘം എത്തിച്ചേർന്നത്. ആയിരക്കണക്കിനു പുരാതന നാണയങ്ങളും അമൂല്യവും വ്യത്യസ്തമായ ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ നിർമിച്ചതാണു നാണയങ്ങൾ.
https://www.youtube.com/watch?v=OXSsCkC9JqE
















