ബ്രസീൽ : ആഴ്‌ചകൾ നീണ്ട കനത്ത മഴയെ തുടർന്ന് വടക്ക്-കിഴക്കൻ ബ്രസീലിയൻ (Brazil) സംസ്ഥാനമായ ബഹിയയിൽ (Bahia) രണ്ട് അണക്കെട്ടുകൾ തകർന്നു. ഇതേ തുടർന്ന് നദികളെല്ലാം കരകവിഞ്ഞൊഴുകിയതിനാൽ നദീതീരത്തെ പട്ടണങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. തെക്കൻ ബഹിയയിലെ വിറ്റോറിയ ഡാ കോൺക്വിസ്റ്റ (Vitoria da Conquista) നഗരത്തിനടുത്തുള്ള വെറുഗ നദിയിലെ (Verruga river) ഇഗ്വ അണക്കെട്ട് (Igua dam) ശനിയാഴ്ച രാത്രിയാണ് തകർന്നത്. തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയിലായ ഇറ്റാംബെ പട്ടണത്തിലെ (Itambe Town) താമസക്കാരെ സർക്കാർ ഒഴിപ്പിച്ചു. ഇതിനിടെ രണ്ടാമത്തെ അണക്കെട്ട് ജുസിയാപെയിലെ ജലനിരപ്പ് ഉയർന്നു. ഇതേ തുടർന്ന് 100 കിലോമീറ്റർ വടക്ക് വരെയുള്ള താമസക്കാർക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഇതുവരെയായി 20 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറ്റാബുന (Itabuna) നഗരത്തിലെ 2,00,000 ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി. ‘ബഹിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടങ്ങൾക്കിടയിലാണ് നമ്മളിപ്പോൾ ജീവിക്കുന്നതെന്ന്’ ബഹിയ ഗവർണർ റൂയി കോസ്റ്റാ (Bahia Governor Rui Costa) പറഞ്ഞു.
കഴിഞ്ഞ നവംബർ മുതൽ ബ്രിസീലിൽ പെയ്ത് മഴയിൽ ഇതുവരെയായി 18 പേർ മരിച്ചിരുന്നു ഇത് കൂടാതെയാണ് കഴിഞ്ഞ ദിവസത്തെ അണക്കെട്ട് അപകടത്തിൽ 20 മരണം രേഖപ്പെടുത്തിയത്. . 19,580 പേരെ മാറ്റിപ്പാർപ്പിച്ചു. 16,001 പേർ സ്വന്തം നിലയിൽ താമസം മാറി. ഇതോടെ വീടുകളിൽ നിന്ന് ഒഴിഞ്ഞ് പോയവരുടെ എണ്ണം 35,000 ആയി.
















