ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾ അടുത്ത വർഷത്തോടെ ലഭ്യമാകുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. നാല് മെട്രോ നഗരങ്ങൾ ഉൾപ്പെടെ 13 നഗരങ്ങളിലാണ് ആദ്യം സേവനം ലഭ്യമാകുകയെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
മെട്രോ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ ഉൾപ്പെടെ പതിമൂന്ന് നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാകുക. എയർടെൽ, ജിയോ, വോഡോഫോൺ – ഐഡിയ എന്നീ കമ്പനികൾ സേവനം നൽകും, ടെലികോം മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്.
5ജി സേവനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്, ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവ 5ജി ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗുരുഗ്രാം, ബാംഗ്ലൂർ, കോൽക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്നോ, പൂനെ, ഗാന്ധി നഗർ എന്നീ നഗരങ്ങളിലാണ് ട്രയൽ സൈറ്റുകൾ സ്ഥാപിച്ചത്.
2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 5ജി സ്പെക്ട്രം ലേലം നടത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഈ വർഷം സെപ്റ്റംബറിൽ, കരുതൽ തുക, ബാൻഡ് പ്ലാൻ, ബ്ലോക്ക് വലുപ്പം, ലേലം ചെയ്യാനുള്ള സ്പെക്ട്രത്തിന്റെ അളവ് എന്നിവയുമായി ബന്ധപ്പെട്ട് സ്പെക്ട്രം ലേലത്തിന് ട്രായ്യോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ശിപാർശ തേടിയിരുന്നു.
അതേസമയം, വിവിധ ടെലികോം സേവനദാതാക്കള്‍ അതിന്റെ പരീക്ഷണം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മുന്‍നിരയില്‍ നില്ക്കുന്ന ടെലികോം സേവനദാതാവ് ഇപ്പോള്‍ റിലയന്‍സ് ജിയോ ആണ്. ജിയോ ഇപ്പോള്‍ പുറത്തുവിട്ട കണക്കാണ് ടെലികോം രംഗത്തെ ചര്‍ച്ചയാകുന്നുണ്ട്.
ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയില്‍ 5ജി സേവനം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 10 കോടി മുതല്‍ 15 കോടിവരെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗത്തിലുണ്ടാകുമെന്നാണ് പറയുന്നത്. ജിയോ ഡിവൈസ് മൊബിലിറ്റി പ്രസിഡന്റ് സുനില്‍ ദത്തിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. ഇത് വളരെ ശുഭകരമായ സൂചനയാണെന്നും. ഇന്ത്യയില്‍ 5ജി എത്തുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ 5ജി വിപണിയായി ഇന്ത്യ മാറുമെന്നും ജിയോയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.