പാലക്കാട്: വാളയാര്‍ കേസില്‍ പോലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. വാളയാര്‍ സഹോദരിമാരുടേത് ആത്മഹത്യയാണെന്നും നിരന്തര ശാരീരിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ് പിടികൂടിയ പ്രതികള്‍ തന്നെയാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ തന്നെയെന്നുമാണ് സിബിഐ കണ്ടെത്തല്‍. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് പാലക്കാട് പോക്‌സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
13 ഉം ഒന്‍പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ മൂന്ന് കുറ്റപത്രങ്ങളാണുള്ളത്. ഈ കേസില്‍ നാല് പ്രതികളാണുള്ളത്.
ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിങ്ങനെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ നാല് പ്രതികളാണ് സിബിഐ കുറ്റപത്രത്തിലുമുള്ളത്. എന്നാല്‍ പോലീസ് കണ്ടെത്തിയ പ്രതികള്‍ തന്നെയാണെങ്കിലും സാക്ഷികള്‍ കൂടുതലുണ്ട്. രണ്ട് പെണ്‍കുട്ടികളുടേയും മരണം ആത്മഹത്യ തന്നെയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പക്ഷേ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസന്വേഷണത്തില്‍ പൊലീസ് ചെയ്ത തെറ്റ് തന്നെയാണ് സിബിഐയും ആവര്‍ത്തിച്ചതെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ശരിയായി നടന്നിരുന്നെങ്കില്‍ കൊലപാതകമാണെന്ന് തെളിയുമായിരുന്നെന്നും അമ്മ പ്രതികരിച്ചു.
നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ്, ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. കേസില്‍ ഇതേ ആരേപണങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ മരണത്തിലേക്ക് നയിച്ച കാരണങ്ങളിലേക്ക് പോലീസ് പോയിരുന്നില്ല. അതാണിപ്പോള്‍ സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഒപ്പം കൂടുതല്‍ സാക്ഷി മൊഴികളും കുറ്റപത്രത്തിലുണ്ട്. നേരത്തെ എല്ലാ പ്രതികളേയും പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടിരുന്നു.

















