ക്രിസ്മസ് റിലീസായി നെറ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ബോസിൽ ജോസഫ് ചിത്രമാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രത്തിൽ മികച്ച പ്രകടനമാണ് ഓരോ കഥാപാത്രങ്ങളും കാഴ്ച വച്ചത്.
അന്തരിച്ച നടൻ പി ബാലചന്ദ്രൻ മിന്നൽ മുരളിയിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്കിടെയാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. അദ്ദേഹത്തിന് ചിത്രത്തിൽ ശബ്ദം നൽകിയത് നടൻ ഹരീഷ് പേരടിയായിരുന്നു. ഇപ്പോഴിതാ ഗുരുസ്ഥാനിയനായ ബാലചന്ദ്രൻ്റെ ശബ്ദമായതിൻ്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഹരീഷ് പേരടി.
തന്നോടൊപ്പം നിരവധി നാടകങ്ങളിലും സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ശബ്ദം നൽകാനായി ബേസിൽ ജോസഫ് വിളിച്ചപ്പോൾ അതൊരു ഗുരുദക്ഷിണ പോലെയാണ് തോന്നിയതെന്ന് ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ്:
‘എൻ്റെ നാടക രാത്രികളിൽ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മിന്നൽ മുരളിയിലെ ബാലേട്ടൻ്റെ ശബ്ദമാവാൻ വേണ്ടി ബേസിൽ എന്നെ വിളിച്ചപ്പോൾ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി’- ഹരീഷ് പേരടി കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhareesh.peradi.98%2Fposts%2F1123154931558188&show_text=true&width=500
വർക്കി എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ പി ബാലചന്ദ്രൻ അവതരിപ്പിച്ചത്. ബാലേട്ടനുള്ള ട്രിബ്യൂട്ട് ആയാണ് ‘മിന്നൽ മുരളി’യെ കാണുന്നതെന്നായിരുന്നു സംവിധായകൻ ബേസിൽ ജോസഫ് അഭിപ്രായപ്പെട്ടത്. 24ന് ഉച്ചയ്ക്കാണ് നെറ്റ്ഫ്ളിക്സിലൂടെ ‘മിന്നൽ മുരളി’ റിലീസ് ചെയ്തത്. ഇതുവരെ ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്ത പ്രമോഷനാണ് ചിത്രത്തിന് നൽകിയത്.
ഇപ്പോൾ നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’. ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നുകൊണ്ടാണ് മിന്നൽ മുരളി ഒന്നാമതെത്തി നിൽക്കുന്നത്. ‘ഗോദ’ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമയാണ് ‘മിന്നൽ മുരളി’. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
















