കാസര്‍കോട്: എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് തുടങ്ങും. ഏപ്രില്‍ 29 വരെയാണ് പരീക്ഷകള്‍ ക്രമീകരിച്ചത്. ഹയർ സെക്കൻഡറി, വിച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും തീരുമാനിച്ചു. രാവിലെ വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി കാസര്‍കോട് ടത്തിയ വാർത്താ സമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.
എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ എക്‌സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി, വിച്ച്എസ്ഇ മോഡല്‍ എക്‌സാം മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. വിച്ച്എസ്ഇ പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും.
വിശദമായ ടൈംടേബിള്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ എണ്ണം, ഫോക്കസ് ഏരിയ തുടങ്ങിയവ വിശദമായ ടൈംടേബിളിനൊപ്പം ഉണ്ടാകും. ഇത്തവണ 60 ശതമാനം പാഠഭാഗം ഉൾക്കൊള്ളിക്കണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പിൻ്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

















