മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യെ നെഞ്ചിലേറ്റിയിരിക്കുകയാണ് മലയാളികൾ. ഇപ്പോളിതാ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ് സോഫിയ പോള്‍. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ചിത്രമാണ് ‘മിന്നല്‍ മുരളി’. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോള്‍ പറഞ്ഞു.
‘എന്താണ് മുന്നിലുള്ളതെന്ന് പറയാന്‍ ഇത് അല്പം നേരത്തെയാണ്. പക്ഷേ, ഞങ്ങള്‍ രണ്ടാം ഭാഗം പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും. എന്താണ് മനസ്സിലുള്ളതെന്ന് പറയാനാവില്ല. പക്ഷേ, അത് മികച്ച ഒരു അനുഭവമായിരിക്കും. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാം ഭാഗം പ്രഖ്യാപിക്കും. ഷിബു ചിത്രത്തിലുണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല.
പക്ഷേ, ബേസില്‍ ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങള്‍ തീരുമാനിക്കും. പറഞ്ഞതുപോലെ വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്. പ്രേക്ഷകര്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തില്‍ എത്തിക്കാനുള്ള ലൈസന്‍സാണ്. മിന്നല്‍ മുരളി ത്രിമാന രൂപത്തില്‍ ചിത്രീകരിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട്’- സോഫിയ പോള്‍ പറഞ്ഞു.
ഈ മാസം 24 ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. മിന്നലടിച്ച് അമാനുഷിക ശക്തി ലഭിക്കുന്ന ജെയ്സൺ എന്ന ചെറുപ്പക്കാരൻ്റെ കഥയാണ് ചിത്രം പറയുന്നത്. ‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘മിന്നൽ മുരളി’.
മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നൽ മുരളി’ പ്രഖ്യാപന സമയം മുതൽ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.
സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻ്റെ വിഎഫ്എക്‌സ് ചെയിതിരിക്കുന്നത് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.
തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ, ഫെമിന ജോർജ്, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
















