മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രം ‘ബറോസി’ൻ്റെ പ്രൊമൊ ടീസർ റിലീസ് ചെയ്തു. സംവിധായകനും അഭിനേതാവുമായ മോഹൻലാലിനെ ടീസറിൽ കാണാം. കോവിഡ് മൂലം പാതിവഴിയിൽ മുടങ്ങിയ സിനിമയുടെ ചിത്രീകരണം ഡിസംബർ 26ന് പുനരാരംഭിച്ചിരുന്നു. ആക്ഷൻ പറഞ്ഞ് സ്ക്രീനിലെത്തി ഒടുവിൽ കട്ട് പറഞ്ഞ് റീടേക്ക് പറയുന്ന മോഹൻലാലിനെ തന്നെയാണ് പ്രൊമോ ടീസർ കാണാൻ കഴിയുന്നത്.
സംവിധാനവും അഭിനയവും ഒരുപോലെ ചെയ്യുന്നത് വ്യക്തമാക്കുന്നതാണ് ടീസർ. മോഹൻലാലിനൊപ്പം സന്തോഷ് ശിവൻ, ആൻറണി പെരുമ്പാവൂർ തുടങ്ങിയവരെയും ടീസറിൽ കാണാൻ കഴിയും. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവരും പ്രധാനവേഷത്തിലുണ്ടാകും. വിദേശ നടി പാസ് വേഗ ചിത്രത്തിൻ്റെ ഭാഗമാണ്.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. നിധി കാക്കുന്ന ഭൂതം എന്ന ഹാഷ്ടാഗിലാണ് ചിത്രമെത്തുന്നത്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
നേരത്തെ ബറോസിൻ്റെ ക്യാരക്റ്റർ സ്കെച്ച് പുറത്തുവിട്ടിരുന്നു. കേന്ദ്ര കഥാപാത്രമായ ബറോസായി മോഹൻലാലാണ് എത്തുന്നത്. ഗോവയാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത് ജിജോ പുന്നൂസിൻ്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F479561726870431&show_text=true&width=500
സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നിർത്തിവയ്ക്കേണ്ടി വന്നു. ഇത് ചിത്രത്തിൻ്റെ കണ്ടിന്യൂവിറ്റിയെ ബാധിച്ചിരുന്നു. അതിനാൽ ഇതുവരെ ചിത്രീകരിച്ചിരുന്നതു മുഴുവൻ ഒഴിവാക്കുമെന്ന് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
















