സൗത്ത് അഫ്രിക്ക: സൗത്ത് അഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസായിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമാഫോസയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 1984ലാണ് ഡെസ്മണ്ട് ടുട്ടുവിന് നൊബേല്‍ ലഭിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനം അവസാനിപ്പിക്കാന്‍ ടുട്ടുവിൻ്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ ഏറെ പ്രശസ്തമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡെസ്മണ്ട് ടുട്ടു ഈയടുത്ത കാലത്ത് റോഹിങ്ക്യന്‍ വിഷയത്തിലും അഭിപ്രായം അറിയിച്ചിരുന്നു. ഡെസ്മണ്ട് ടുട്ടു മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ പിന്തുടരുകയും ഗാന്ധി മാര്‍ഗത്തില്‍ ജീവിക്കുകയും ചെയ്യ്തിരുന്ന ആളായിരുന്നു. 2005 ലെ ഗാന്ധി സമാധാന പുരസ്‌കാരവും നേടി. നെൽസൺ മണ്ടേലയ്‌ക്കു ശേഷം ഗാന്ധി പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനാണ് ടുട്ടു.
വൻശക്‌തിയെന്ന അഹങ്കാരത്തില്‍ അമേരിക്ക ഏകപക്ഷീയ നടപടികള്‍ അന്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് വിമര്‍ശിച്ച അദ്ദേഹം, എന്നും സ്വന്തം നിലപാടുകള്‍ ലോകത്തിനുമുന്നില്‍ വിളിച്ചുപറഞ്ഞു. ലോക സമാധാനത്തിനായി മരണം വരെ പോരാടുകയും ചെയ്തു. കറുത്തവര്‍ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പാണ് ഡെസ്മണ്ട് ടുട്ടു. ദാരിദ്ര്യം, എയ്ഡ്സ്, വംശീയത, ഹോമോഫോബിയ എന്നീ വിഷയങ്ങളുയര്‍ത്തി അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ആല്‍ബര്‍ട്ട് ഷ്വിറ്റ്‌സര്‍ പുരസ്‌കാരം, പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
















