എറണാകുളം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ചത് അപ്രതീക്ഷിത സംഭവമാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ്. കുറ്റവാളികളെ കണ്ടെത്തി പരമാവധി ശിക്ഷ നൽകണം. അന്വേഷണത്തിൽ പോലീസിനെ സഹായിക്കും. കരോളിനെ സംബന്ധിച്ച തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചത്. അക്രമമുണ്ടാക്കിയത് 50ല്‍താഴെ ആളുകള്‍ മാത്രമാണ്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തവുമാണ്. പ്രധാന പ്രതിയെ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നലെ രാത്രിയോടെ ക്യാമ്പിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് കരോളിനായി ഇറങ്ങി. ആ സമയത്ത് തൊഴിലാളികളില്‍ ചിലര്‍ തന്നെ പരിപാടി തങ്ങളുടെ ഉറക്കം കളയുമെന്ന് പറഞ്ഞു. അതാണ് തര്‍ക്കത്തിലേക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും എത്താന്‍ കാരണം. വഴക്ക് തുടങ്ങിയപ്പോള്‍ത്തന്നെ ഇടപെട്ട സെക്യൂരിറ്റിക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും അവരെ തടയാന്‍ പറ്റിയില്ല. സെക്യൂരിറ്റിയെയും സൂപ്പര്‍വൈസര്‍മാരെയും ഉപദ്രവിച്ചിരുന്നു. അവരെന്തോ ലഹരി ഉപയോഗിച്ചതാണെന്ന് മനസിലാക്കിയാണ് പോലീസിനെ വിവരമറിയിച്ചത്. ഇതാണ് നടന്നത്. അല്ലാതെ ആരോപണങ്ങള്‍ ഉയര്‍ന്നത് പോലെ കിറ്റെക്‌സിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സംഭവത്തിന് ഒരു ബന്ധവുമില്ല’ സാബു എം ജേക്കബ് പറഞ്ഞു.
മുപ്പതോ നാല്‍പതോ പേര്‍മാത്രമാണ് സംഘര്‍ഷമുണ്ടാക്കിയത്. ക്യാമ്പ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് യഥാര്‍ത്ഥ പ്രതികളെയല്ല. അക്രമം നടത്തിയത് ആരാണെങ്കിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആരെയും അനുകൂലിക്കുന്ന നടപടി സ്വീകരിക്കില്ല. തൊഴിലാളികളുടെ കൈവശം ലഹരിവസ്തുക്കള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ട്.
ലഹരി എത്തിയത് എങ്ങനയെന്ന് വിശദമായ അന്വേഷണം വേണമെന്നും കിറ്റെക്‌സ് എംഡി വ്യക്തമാക്കി. അതേസമയം പോലീസിനെ ആക്രമിച്ച സംഭവം നീതീകരിക്കാനാകില്ലെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ പറഞ്ഞു. കിറ്റെക്‌സിലെ പ്രശ്‌നങ്ങള്‍ മുന്‍പ് ഉന്നയിച്ചപ്പോഴെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന നിലയിലായിരുന്നു എല്ലാവരും കണ്ടതെന്നും എംഎല്‍എ പ്രതികരിച്ചു.

















