റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതി ആക്രമണം. മിസൈല്‍ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു.രണ്ട് കടകളും 12 വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നു.ഏഴു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. സൗദിയില്‍ വെള്ളിയാഴ്ച രാത്രി ജിസാനിലെ സാംത ഗവര്‍ണറേറ്റിലാണ് ഹൂതി ആക്രമണം ഉണ്ടായത്.
ഇവിടെ മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങള്‍ക്ക് തൊട്ടടുത്താണ് ഷെല്‍ പതിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് ലഫ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദ് അറിയിച്ചു. മരണപ്പെട്ടവരില്‍ ഒരാള്‍ സൗദി പൗരനും മറ്റൊരാള്‍ യമനില്‍ നിന്നുള്ള പ്രവാസിയുമാണ്. പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ മികച്ച ചികിത്സ നല്‍കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
















