അബുദാബി: നഗരത്തിലെ വാടകക്കാർക്ക് ആശ്വാസമായി നിർണായക തീരുമാനവുമായി അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ. അബുദാബി നഗരത്തിലുടനീളം വാടക നിരക്ക് വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് അധികൃതർ പുറപ്പെടുവിച്ചു. ജൂൺ 2 മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും സാമ്പത്തിക അനിശ്ചിതത്വവും കണക്കിലെടുത്താണ് ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇതോടെ പാർപ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലെ വാടകക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
പുതിയ ഉത്തരവിലെ പ്രധാന നിർദേശങ്ങൾ—
നിലവിലുള്ള പാർപ്പിട, വാണിജ്യ, വ്യാവസായിക വാടകക്കരാറുകൾ പുതുക്കുമ്പോൾ വാടക വർധിപ്പിക്കാൻ പാടില്ല.
മുൻപ് വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകൾ, ഓഫീസുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവ പുതിയ വാടകക്കാർക്ക് നൽകുമ്പോഴും മുൻ കരാറിലുണ്ടായിരുന്ന അതേ വാടക തുക മാത്രമേ ഈടാക്കാവൂ.
നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള വാടക വർധനവ് അനുവദിക്കില്ല.
നിയന്ത്രണങ്ങൾ അടുത്ത ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും.
















