പത്തനംതിട്ട: മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തി. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു. നാളെയാണ് മണ്ഡലപൂജ.
കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്രക്ക് വിവിധസ്ഥലങ്ങളില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പാണ് ലഭിച്ചത്.
മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പമ്പയില്‍ എത്തിച്ചേര്‍ന്നത്. വൈകുന്നേരം മൂന്നിന് സന്നിധാനത്തേക്ക് തിരിച്ച തങ്ക അങ്കി ഘോഷയാത്രയ്ക്ക് അഞ്ചിന് ശരംകുത്തിയില്‍ ആചാരപ്രകാരം സ്വീകരണം നല്‍കി.
പതിനെട്ടാംപടി കയറി കൊടിമരത്തിനു മുന്നിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. സോപാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് 6.30നായിരുന്നു ദീപാരാധന.
26-ന് ഉച്ചയ്ക്ക് 11.50-നും 1.15 -നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും. ശേഷം നടയടയ്ക്കും. വൈകുന്നേരം നാലിന് നട തുറക്കും. 6.30-ന് ദീപാരാധന. തുടര്‍ന്ന് പടിപൂജ. അത്താഴപൂജയ്ക്ക് ശേഷം രാത്രി 9.50-ന് ഹരിവരാസനം പാടി 10-ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉത്സവ തീര്‍ഥാടനത്തിന് സമാപനമാകും.
മകരവിളക്ക് ഉത്സവത്തിനായി 30-ന് വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറക്കും.

















