https://www.youtube.com/watch?v=VG7ZFyVD8v8
ഏകദേശം ഒൻപത് അടിയോളം നീളവുംഉള്ള തേരട്ടയെ ഇംഗ്ലണ്ടിൽ ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ ഈ തേരട്ട ജീവിച്ചിരുന്നത് 30 കോടി വർഷങ്ങൾ മുൻപാണ്. ഇതിന്റെ ഫോസിലാണ് ഇപ്പോൾ ഗവേഷകർ കണ്ടെടുത്തിരിക്കുന്നത്. ഗവേഷണഫലം ജിയോളജിക്കൽ സൊസൈറ്റി ജേണലിൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിലെ വടക്കൻ മേഖലാ നഗരമായ നോർത്തുംബർലൻഡിനു സമീപമായിരുന്നു ഈ ഫോസിൽ കണ്ടെത്തിയത്.
വളരെ യാദൃശ്ചികമായിട്ടായിരുന്നു ഈ കണ്ടെത്തൽ. ബീച്ച് വഴി നടന്ന ഒരു പിഎച്ച്ഡി വിദ്യാർഥി പാറയിൽ ഫോസിൽ പോലെ എന്തോ ഒന്ന് പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടു. ആദ്യം എന്തെങ്കിലും മാലിന്യമോ പായലോ ആയിരിക്കുമെന്നു കരുതി നടന്നകലാൻ തുടങ്ങിയ വിദ്യാർഥി ശ്രദ്ധയോടെ വീണ്ടും പരിശോധിച്ചപ്പോഴാണു സംഭവം ഒരു ഫോസിലാണെന്നു മനസ്സിലായത്. ലോകത്തിൽ തേരട്ടകളുടേതായി കണ്ടെത്തപ്പെട്ട ഏറ്റവും വലുതും പഴക്കവുമുള്ള ഫോസിൽ ഇതാണെന്നു കേംബ്രിജ് സർവകലാശാല എർത്ത് സയൻസ് വിഭാഗത്തിലെ ശാസ്ത്രജ്ഞർ പറയുന്നു. ആർത്രോപ്ലൂറ എന്ന തേരട്ടവിഭാഗത്തിൽ പെട്ടിരുന്ന ഈ ജീവി ദിനോസറുകൾ ഭൂമിയിൽ വിഹരിക്കാൻ തുടങ്ങുന്നതിനും മുൻപുള്ളതാണ്.
നാലരക്കോടി വർഷത്തോളം ഭൂമിയിൽ ജീവിക്കാൻ ഇവയ്ക്കു കഴിഞ്ഞു. അക്കാലത്ത് വിവിധ ഭൂഖണ്ഡങ്ങൾ ഉടലെടുത്തിരുന്നില്ല. ആദിമ കരഭാഗമായ പാൻജിയയാണ് ഉണ്ടായിരുന്നത്. ഇന്നത്തെ കാലത്തെ ഇംഗ്ലണ്ട് അന്ന് ഭൂമധ്യരേഖയ്ക്കു സമീപമായിരുന്നു. ഇതുമൂലം ട്രോപ്പിക്കൽ കാലാവസ്ഥ അവിടെ നിലനിന്നു പോന്നു. ആർത്രോപ്ലൂറ വിഭാഗത്തിലുള്ള ഈ തേരട്ടകൾക്കു സുഖമായി ജീവിക്കാനും യഥേഷ്ടം ഭക്ഷണം കഴിക്കാനും ഈ കാലാവസ്ഥ തീർത്തും അനുയോജ്യമായിരുന്നു.
















