തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ വിശദമായ പദ്ധതി രൂപരേഖ പുറത്തുവിടണമെന്ന് സിപിഐ. ഡിപിആർ കണ്ടശേഷമായിരിക്കും പാർട്ടിയുടെ തുടര്‍നിലപാട് തീരുമാനിക്കുക. തീരുമാനം പാര്‍ട്ടിയിലെ സമ്മര്‍ദം മൂലമെന്നാണ് സൂചന. പദ്ദതിയിലെ ആശങ്ക സിപിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാരിസ്ഥതിക-സാമൂഹിക ആഘാത പഠനം നിലവിൽ നടക്കുകയാണ്. ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐഎമ്മിനെ ഈ നിലപാട് അറിയിക്കുമെന്നും സിപിഐ വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ചില പ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. രൂപരേഖ പുറത്തുവിടുന്നത് വരെ പദ്ധതിയെ പരസ്യമായി തള്ളേണ്ടെന്നാണ് സിപിഐ തീരുമാനം.
നേരത്തെ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു. വ്യാജ ഡിപിആറിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നായിരുന്നു ആരോപണം. അതേസമയം കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി. എപ്പോഴും പുതിയ പദ്ധതികള്‍ ഉണ്ടാകുമ്പോള്‍ ചിലര്‍ അതിനെ എതിര്‍ക്കാന്‍ രംഗത്തെത്താറുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

















