ചെന്നൈ: അന്തരിച്ച വിഖ്യാത സംവിധായകൻ കെ എസ് സേതുമാധവൻ്റെ സംസ്കാരം വൈകിട്ട് നാലിന്. ലൊയോള കോളജിനു സമീപത്തെ പൊതു ശ്മശാനത്തിലാണ് സംസ്കാരം. മലയാള സിനിമാ രംഗത്തെയും സാമൂഹിക സാംസ്കാരിക രംഗത്തെയും പ്രമുഖർ സേതുമാധവന് അന്തിമോപചാരമർപ്പിച്ചു.
ഇന്ന് രാവിലെ അഞ്ച് മണിക്ക് കോടമ്പാകത്തെ വീട്ടിലായിരുന്നു സേതുമാധവൻ്റെ അന്ത്യം. 90വയസായിരുന്നു. മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. ബാലതാരമായി കമല്‍ഹാസനെ ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിച്ചത് കെ എസ് സേതുമാധവനായിരുന്നു.
കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ‘കന്യാകുമാരി’ എന്ന ചിത്രത്തിലൂടെ കമല്‍ഹാസനെ നായകനായി അവതരിപ്പിച്ചതും അദ്ദേഹം തന്നെ. ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, ചട്ടക്കാരി, അഴകുള്ള സെലീന, കടൽപ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്തു. ‘വീരവിജയ’ എന്ന സിംഹളീസ് ചിത്രത്തിലൂടെ 1960ലാണ് കെ എസ് സേതുമാധവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നത്.
‘മറുപക്കം’ എന്ന തമിഴ് ചിത്രം കെ എസ് സേതുമാധവൻ ചിത്രം ദേശീയ അവാര്‍ഡ് നേടി. മലയാളത്തിൻ്റെ സാഹിത്യ കൃതികള്‍ സിനിമയാക്കിയ സംവിധായകരില്‍ ഒന്നാമനാണ് കെ എസ് സേതുമാധവൻ. ‘വേനൽക്കിനാവുകൾ’ എന്ന സിനിമയാണ് മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനയ്ക്ക് 2009 ൽ ജെസി ഡാനിയേൽ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
















