ന്യൂഡല്‍ഹി: പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനോട് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കൊടുംക്രൂരത. ഇരുപത്തിരണ്ടു വയസ്സുള്ള യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച പെണ്‍വീട്ടുകാര്‍ ജനനേന്ദ്രിയം ഛേദിച്ചു. സംഭവത്തിൽ തട്ടികൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എഡിസിപി പ്രശാന്ത് ഗൗതം അറിയിച്ചു.
ഇക്കഴിഞ്ഞ ദിവസം ഡല്‍ഹി രജൗരി ഗാര്‍ഡനിലാണ് സംഭവം. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. സാഗർപുർ സ്വദേശിയായ ഇരുപത്തിരണ്ടുകാരനായ രമണും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഡൽഹിക്ക് പുറത്ത് പോയാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് അവിടെ തന്നെ താമസമാക്കുകയം ചെയ്തു.
സംഭവമറിഞ്ഞ യുവതിയുടെ വീട്ടുകാർ യുവതിയെ സാഗർപൂരിലേക്ക് ബലംപ്രയോഗിച്ച് തിരികെ കൊണ്ടുവരികയും യുവാവിനെ അവിടെ വച്ച് തന്നെ മർദിക്കുകയും ചെയ്തു. രമണിനെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.