വെയറബിള്‍ ഡിവൈസ് മാര്‍ക്കറ്റിന്റെ വന്‍ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2021. പ്രീമിയം സെഗ്മെന്റിലെ വിലകൂടിയ ഗാഡ്ജറ്റുകള്‍ മാത്രമായി ഒതുങ്ങിക്കൂടിയടത്ത് നിന്നുമാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഡിവൈസുകളില്‍ ഒന്നായി വെയറബിള്‍സ് മാറിയത്.വെയറബിള്സിനേക്കുറിച്ച് പറയുമ്ബോള്‍ സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്നസ് ബാന്‍ഡുകളും മാത്രമല്ല ഈ സെഗ്മെന്റില്‍ ഉള്ളതെന്ന് യൂസേഴ്സ് മനസിലാക്കണം. സ്മാര്‍ട്ട് വാച്ചുകളിലും ഫിറ്റ്നസ് ബാന്‍ഡുകളിലും തുടങ്ങി സ്മാര്‍ട്ട് ഗ്ലാസുകള്‍, എആര്‍, വിആര്‍ ഗ്ലാസുകള്‍, സ്മാര്‍ട്ട് വസ്ത്രങ്ങള്‍ എന്നിവ വരെയെത്തി നില്ക്കുന്നു വെയറബിള്‍ ഡിവൈസ് വിപണി.
വെയറബിള്‍ വിപണിയ്ക്ക് വലിയ കുതിപ്പ് നല്കിയ വര്‍ഷമാണ് 2021. ഗാഡ്ജറ്റ് സാങ്കേതികവിദ്യകളുടെ വളര്‍ച്ചയും വെയറബിള്‍ ഗാഡ്ജറ്റ് മാര്‍ക്കറ്റിലെ മത്സരവുമാണ് ഇതിന് പ്രധാന കാരണം. വില കുറഞ്ഞ വെയറബിള്‍ ഗാഡ്ജറ്റുകളുമായി ചൈനീസ് കമ്ബനികള്‍ ഇന്ത്യണ വിപണിയില്‍ എത്തിയതാണ് മത്സരം കനക്കാന്‍ കാരണം. ഒപ്പം വില കുറഞ്ഞ വെയറബിള്‍ ഗാഡ്ജറ്റ്സ് ഒരു ഫാഷന്‍ സ്റ്റേറ്റ്മെന്റ് ആയി മാറിയതും വെയറബിള്‍ ഡിവൈസുകളുടെ നല്ല കാലം തുടരാന്‍ കാരണമായി.
2021ല്‍ പുറത്തിറങ്ങിയ ഏറ്റവും നവീകരിച്ചതും പരിഷ്കൃതമായതുമായ സ്മാര്‍ട്ട് വാച്ചുകളില്‍ ഒന്നാണ് ആപ്പിള്‍ വാച്ച് സീരീസ് 7. ആപ്പിളിന്റെ ബില്‍ഡ് ക്വാളിറ്റി തന്നെയാണ് ഈ സ്മാര്‍ട്ട് വാച്ചിന്റെ പ്രധാന സവിശേഷത. ആപ്പിള്‍ ഈ സ്മാര്‍ട്ട് വാച്ചിന്റെ വലിപ്പം വര്‍ധിപ്പിക്കുകയും ഫാസ്റ്റ് ചാര്‍ജിങ് പിന്തുണ കൊണ്ട് വരികയും ചെയ്തു. വലിയ ഇമ്മേഴ്സീവ് ഡിസ്പ്ലേയും സീരീസ് 7ല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൃത്യമായ ഫലങ്ങള്‍ ഉറപ്പ് നല്കുന്ന ഹെല്‍ത്ത് ഫീച്ചേഴ്സും ആപ്പിള്‍ വാച്ച് സീരീസ് 7ന്റെ പ്രത്യേകതയാണ്. 2021ല്‍ ലോഞ്ച് ചെയ്ത ഏറ്റവും മികച്ച വെയറബിള്‍സിന്റെ പട്ടികയില്‍ ആപ്പിള്‍ വാച്ച് സീരീസ് 7 തലയെടുപ്പോടെ നില്ക്കുന്നു.
ആധുനിക സ്മാര്‍ട്ട് ഗ്ലാസുകളെ പുനര്‍നിര്‍വചിച്ച മോഡലുകളില്‍ ഒന്നാണ് ഫേസ്ബുക്ക് റേ-ബാന്‍ സ്റ്റോറീസ്. മീറ്റിയോര്‍, റൌണ്ട്, വേഫെയറര്‍ എന്നീ മൂന്ന് മോഡലുകളില്‍ ഫേസ്ബുക്ക് റേ-ബാന്‍ സ്റ്റോറീസ് ഗ്ലാസുകള്‍ ലഭ്യമാണ്. റേ-ബാന്‍ വികസിപ്പിച്ചെടുത്ത ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍ അഞ്ച് നിറങ്ങളിലും ആറ് തരം ലെന്‍സുകളിലും ലഭ്യമാണ്. 2021ല്‍ പുറത്തിറക്കിയ ഏറ്റവും മികച്ച വെയറബിളുകളില്‍ ഒന്നായതിനാല്‍ ഫേസ്ബുക്ക് റേ-ബാന്‍ സ്റ്റോറീസ് ഗ്ലാസുകള്‍ പരിഗണിക്കാവുന്നതാണ്.