തിരുവനന്തപുരം: പോലീസിന് മുന്നറിയിപ്പുമായി മന്ത്രി ജി ആര്‍ അനില്‍. പോലീസ് ജാഗ്രതയോടെ നീങ്ങണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ പിന്നീട് എന്തെന്ന് അപ്പോള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു. പോത്തൻകോട് അച്ഛനെയും മകളെയും റോഡിലാക്രമിച്ച കേസിൽ പോലീസിനുണ്ടായത് ഗുരുതരവീഴ്ചയെന്ന കണ്ടത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോത്തന്‍കോട് ഗുണ്ടാ ആക്രമണം നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പോലീസ് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായതിനെ വളരെ ഗുരുതരമായിട്ടാണ് കാണുന്നത് എന്ന് മന്ത്രി പറഞ്ഞു.
പോലീസിന് മേലുള്ള രാഷ്ട്രീയ മേല്‍നോട്ടത്തിന് കുറവില്ല. പല സംഭവങ്ങളും ഉണ്ടായി മിനുട്ടുകള്‍ക്കകം പ്രതികള്‍ അറസ്റ്റിലാകുന്നുണ്ട്. അത് പോലീസ് ഗൗരവമായി നീങ്ങാന്‍ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് ഇടപെടുന്നതിൻ്റെ ലക്ഷണമാണെന്നും മന്ത്രി പറഞ്ഞു. പോത്തന്‍കോട് ഗുണ്ടാ ആക്രമണത്തിന് ഇരയായവരെ നേരില്‍ കാണുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം പോത്തന്‍കോട് വെഞ്ഞാറമൂട് സ്വദേശിക്കും മകള്‍ക്കും നേരെയാണ് കഴിഞ്ഞദിവസം ഗുണ്ടാ ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയും, പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുകളുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറുപവൻ്റെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയായ ഫൈസലിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്.

















