ഏത് താരത്തിനെ വച്ചും വിചാരിച്ചപോലെ ചെയ്യാന്‍ ധൈര്യമുള്ള ഒരേയൊരു സംവിധായകനെ അന്നുണ്ടായിരുന്നുള്ളു. അതാണ് കെ.എസ്.സേതുമാധവന്‍. ആ മഹാപ്രതിഭയുടെ വിയോഗവാര്‍ത്തയാണ് ഇന്നത്തെ പ്രഭാതത്തില്‍ നമ്മള്‍ കേട്ടത്.ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു.രാവിലെ ഭാര്യ അടുത്തുചെന്നു വിളിച്ചപ്പോള്‍ ഉണര്‍ന്നില്ല.ശാന്തമായ മരണം. സിനിമയില്‍ പൂര്‍ണത നേടിയ കലാകാരനായിരുന്നു സേതുമാധവന്‍. സൗമ്യനും മാന്യനും മഹാപ്രതിഭയുമായ സേതുമാധവന്റെ സിനിമകള്‍ ഓരോന്നും മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.
ചലച്ചിത്രലോകത്തിനു നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ലഭിച്ച വ്യക്തി.മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സിംഹളഭാഷയിലും സിനിമകളെടുത്തു. ‘മറുപക്കം’ എന്ന സേതുമാധവന്റെ സിനിമയാണ് തമിഴില്‍ ആദ്യമായി മികച്ചചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം. ജ്ഞാനസുന്ദരിയില്‍ തുടങ്ങിയ സേതുമാധവന്റെ സംവിധാനജീവിതത്തില്‍ സഹോദരന്‍ കെ.എസ്.ആര്‍.മൂര്‍ത്തിയുടെ പിന്തുണ നിര്‍ണായകമായിരുന്നു. പലചിത്രങ്ങളുടെയും നിര്‍മ്മാതാവ് മൂര്‍ത്തിയായിരുന്നു. അടുത്തിടെയാണ് അദ്ദേഹവും വിടപറഞ്ഞത്.
പാലക്കാട്ടുകാരനായ സേതുമാധവന്റെ സ്വഭാവത്തിലെ ശാന്തതയും സമാധാനവും എവിടെനിന്നു കിട്ടിയെന്നു ചോദിച്ചപ്പോള്‍ ഉത്തരം മഹാജ്ഞാനിയായ രമണമഹര്‍ഷിയില്‍ നിന്ന് എന്നായിരുന്നു.’ അച്ഛനും അമ്മയും അവിടെ പതിവായി പോകുമായിരുന്നു. അവരുടെ കൂടെ പോയതും രമണമഹര്‍ഷിയുടെ മുന്നിലിരിക്കാന്‍ കഴിഞ്ഞതും വലിയഭാഗ്യമായി കരുതുന്നു. വീട്ടില്‍ നിന്ന് പച്ചക്കറികളും മറ്റും ആശ്രമത്തിലേക്ക് കൊടുത്തുവിടും. അപ്പോള്‍ ഞാനും കൂടെപോകുമായിരുന്നു. വീട്ടില്‍നിന്നു കൊണ്ടുപോകുന്ന സാധനങ്ങള്‍ ഇലയില്‍ മഹര്‍ഷിയുടെ അരികില്‍ കൊണ്ടുവയ്ക്കും. മുന്നില്‍പ്പോയി ചമ്രംപടിഞ്ഞിരിക്കുമ്ബോള്‍ രമണമഹര്‍ഷി പുഞ്ചിരിച്ച് തലയാട്ടും.’ അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കു ലഭിച്ചിട്ടുണ്ടെന്ന് സേതുമാധവന്‍ വിശ്വസിക്കുന്നു.അമ്മയായിരുന്നു സേതുമാധവന്റെ എല്ലാം. അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ മദ്യപിക്കുകയോ ,പുകവലിക്കുകയോ ചെയ്തില്ല. സിനിമയില്‍ മുഴുകിയിട്ടും വഴിവിട്ട ജീവിതശൈലി പുലര്‍ത്തിയില്ല. എന്നും തികഞ്ഞ അച്ചടക്കം പാലിച്ചു.മനോഹരമായ കുടുംബജീവിതം എന്നും നയിച്ചു.
ചലച്ചിത്ര രംഗത്ത് ‘ജന്റില്‍മാന്‍’ എന്ന വിശേഷണം എന്നും സേതുമാധവനൊപ്പമുണ്ടായിരുന്നു. എത്ര വലിയ താരങ്ങളായാലും സേതുമാധവന്റെ സെറ്റില്‍ വന്നാല്‍ തികഞ്ഞ അച്ചടക്കം പാലിക്കും.അത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.മലയാളത്തിലടക്കം ഒന്നിനൊന്നു മികച്ച അറുപതോളം ചിത്രങ്ങള്‍. കലാപരമായ മികവ് പുലര്‍ത്തിയതിനൊപ്പം വാണിജ്യവിജയവും നേടിയവയാണ് അവയെല്ലാം. സംസ്ഥാന ദേശീയ അവാര്‍ഡുകളടക്കം നേടിയിട്ടും ഒരു പത്മാ ബഹുമതിയോ ഫാല്‍ക്കെ അവാര്‍ഡോ സേതുമാധവനെ തേടിയെത്തിയില്ല. അംഗീകാരങ്ങളുടെ കാക്കപിടുത്തത്തിന് പോകാത്തതിനാലാവാം. .
കണ്ണും കരളും എന്ന ചിത്രത്തില്‍ കമലഹാസനെ ബാലതാരമായി അഭിനയിപ്പിച്ച സേതുമാധവന്‍ കന്യാകുമാരി എന്ന സിനിമയിലൂടെ കമലിനെ നായകനാക്കി. സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകളിലാണ് മമ്മൂട്ടി ഒരു നടനായി ആദ്യം മുഖം കാണിച്ചത്. തന്റെ രണ്ടാമത്തെ ചിത്രമായ കണ്ണും കരളിലും സത്യനെ നായകനാക്കിയ അദ്ദേഹം നടനെന്ന നിലയില്‍ സത്യന് ഏറ്റവും മികച്ച വേഷങ്ങള്‍ നല്‍കി. സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകളിലായിരുന്നു സത്യന്‍ അവസാനമായി അഭിനയിച്ചത്. സത്യനും നസീറും മധുവും സേതുമാധവന്റെ സിനിമകളില്‍ സജീവമായിരുന്നു.
കഥാപാത്രങ്ങള്‍ക്കിണങ്ങിയ നടന്‍മാരെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. നസീറിലെ നടന്റെ കഴിവ് സംവിധായകര്‍ പ്രയോജനപ്പെടുത്തിയില്ലെന്ന് സേതുമാധവന്‍ കരുതിയിരുന്നു.കരകാണാക്കടൽ പണിതീരാത്തവീട്, അച്ഛനും ബാപ്പയും, വാഴ്വേമായം, പുനര്‍ജന്മം, ഓടയില്‍ നിന്ന് ,ഓപ്പോള്‍ , തുടങ്ങി വേനല്‍ക്കിനാവുകള്‍ വരെ മലയാളം എന്നും ഓര്‍ക്കുന്ന എത്രയെത്ര ചിത്രങ്ങള്‍.സംവിധാനം പഠിക്കാന്‍ മികച്ച സ്‌കൂളായിരുന്നു സേതുമാധവന്‍ എന്ന സംവിധായകന്‍.ശ്രീകുമാരന്‍തമ്ബി അടക്കം പലരും സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് സേതുമാധവനില്‍ നിന്നായിരുന്നു.നടന്‍മാരെ അവരുടെ കഴിവു തിരിച്ചറിഞ്ഞ് മികച്ച വേഷങ്ങള്‍ നല്‍കി.
ചട്ടക്കാരിയിലൂടെ നടന്‍ മോഹനെയും നടി ലക്ഷ്മിയേയും പരിചയപ്പെടുത്തി.ആ ചിത്രം ജൂലി എന്ന പേരില്‍ ഹിന്ദിയിലും എടുത്തു.അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ആരായിരുന്നു മികച്ച നടനും നടിയും ? അടുത്തിടെ സംസാരിച്ചപ്പോള്‍ ഈ ചോദ്യം സേതുമാധവന്‍സാറിനോട് ചോദിച്ചു. എല്ലാവരും കഴിവുള്ളവരായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ തന്റെ ഫേവറിറ്റ് ഒരു പരിധിവരെ സത്യനായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.’ സത്യന്‍ അഭിനയിക്കുകയല്ല,കഥാപാത്രമായി മാറുകയായിരുന്നു. നടിയെന്ന നിലയില്‍ ഷീല അസാമാന്യമായ കഴിവുകളുള്ള അഭിനേത്രിയായിരുന്നു.
ഒരു പെണ്ണിന്റെ കഥ എന്ന ചിത്രത്തില്‍ സത്യനും ഷീലയും അവരുടെതന്നെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പി.കേശവദേവിന്റെ ഓടയില്‍ നിന്നില്‍ സത്യന്റെ പപ്പു എന്ന കഥാപാത്രം എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. സുരേഷ്‌ഗോപി ബാലതാരമായി വന്നത് ഓടയില്‍ നിന്നിലായിരുന്നു. സത്യന്റെ യക്ഷി, കടല്‍പ്പാലം, കരകാണാക്കടല്‍, വാഴ്‌വേമായം ഒക്കെയും സംവിധാനം ചെയ്തത് സേതുമാധവനായിരുന്നു.
നവതിയിലെത്തിയ അദ്ദേഹം കുറെക്കാലമായി ആത്മീയപാതയിലായിരുന്നു . കണ്‍വര്‍സേഷന്‍സ് വിത്ത് ഗോഡ് എന്ന മൂന്ന് വാല്യമുള്ള പുസ്തകമാണ് ഒടുവില്‍ വായിച്ചതെന്ന് പറഞ്ഞിരുന്നു. ‘ ഞാന്‍ എന്നെത്തന്നെ കണ്ടെത്താനുള്ള ശ്രമത്തിലാണ് .നടക്കുമെന്നു തോന്നുന്നില്ല. ഉള്ളിലേക്കാണ് സഞ്ചാരം’. അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ സിനിമയ്ക്ക് ഇത്രയും വലിയ സംഭാവനകള്‍ നല്‍കിയിട്ടും പത്മാബഹുമതിയോ ഫാല്‍ക്കെ അവാര്‍ഡോ അദ്ദേഹത്തിനു ലഭിക്കാത്തത് ആരുടെ കുഴപ്പമാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നിസംഗതയോടെ അദ്ദേഹം അരബിന്ദോയുടെ വരികള്‍ ഉദ്ധരിച്ചു. ഏകദേശ പരിഭാഷയിങ്ങനെ’ ഏറ്റുവാങ്ങുക ലോകത്തെ, ദൈവത്തിന്റെ അരങ്ങായി.
നിങ്ങള്‍ ആ നടന്റെ മുഖാവരണം മാത്രമാകുന്നു. അരങ്ങുവാഴട്ടെ അവന്‍ നിങ്ങളിലൂടെ,നിങ്ങളെ ആളുകള്‍ സ്തുതിക്കുകയോ അപഹസിക്കുകയോ ചെയ്യട്ടെ, അപ്പോഴും നിങ്ങളറിയുക അവരും മുഖം മൂടികളാണെന്ന്, ഉള്ളിലേക്ക് ആവാഹിക്കുക ദൈവത്തെ,നിങ്ങളുടെ വിമര്‍ശകനും പ്രേക്ഷകനുമായി.’ സ്ഥിതപ്രജ്ഞനായ സേതുമാധവന്‍ ഒന്നും ആരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.സേതുമാധവന്റെ വിയോഗത്തോടെ മലയാളസിനിമയിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്.ഇത്രയധികം സാഹിത്യരചനകള്‍ സിനിമയാക്കിയ മറ്റൊരു സംവിധായകന്‍ ഇനി ഇല്ല.
















