തിരുവനന്തപുരം: പെന്‍ഷന്‍ നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് 146 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ നൽകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സഹകരണ ബാങ്കുകളിൽ നിന്നും കടമെടുത്താണ് സാമ്പത്തിക സഹായം നൽകുന്നത്. നവംബറിലെ പെന്‍ഷന്‍ മുടങ്ങിയ സാഹചര്യത്തിനാണ് നടപടി. പെന്‍ഷന്‍ വിതരണം ഉടന്‍ തുടങ്ങും.
പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ കഴിഞ്ഞദിവസം മുതല്‍ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയിരുന്നു. നവംബര്‍ മാസത്തെ പെന്‍ഷന്‍ ഇതുവരെ വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് പെന്‍ഷന്‍കാര്‍ പ്രതിഷേധം കടുപ്പിച്ചത്.
അതേസമയം, നവംബര്‍ മാസത്തെ മുടങ്ങിയ ശമ്പളം കഴിഞ്ഞദിവസം മുതല്‍ കെഎസ്ആര്‍ടിസിയില്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിതരണത്തില്‍ പാളിച്ചയുണ്ടെന്ന് ആരോപിച്ച് ജീവനക്കാര്‍ കഴിഞ്ഞദിവസം പ്രതിഷേധിച്ചു. സര്‍ക്കാരില്‍ നിന്ന് 30 കോടി ലഭിച്ചിട്ടും ശമ്പള വിതരണത്തില്‍ പാളിച്ച ഉണ്ട് എന്നതാണ് ജീവനക്കാരുടെ ആക്ഷേപം.

















