ലോകത്തിലെ ആദ്യത്തെ എസ്.എം.എസ് ലേലത്തില്‍ വിറ്റത് 91 ലക്ഷം രൂപയ്ക്ക്.”മെറി ക്രിസ്മസ് എന്നായിരുന്നു സന്ദേശം.പാരീസില്‍ നടന്ന ലേലത്തില്‍ നോണ്‍-ഫഞ്ചിബിള്‍ ടോക്കണ്‍ (എന്‍.എഫ്.ടി) എന്ന സാങ്കേതികവിദ്യയുപയോഗിച്ച് ഓണ്‍ലൈനായാണ് ഭീമന് തുകയ്ക്ക് എസ്.എം.എസ് വിറ്റത്.
ബ്രിട്ടീഷ് ടെലികമ്മ്യൂണിക്കേഷന്‍ കമ്ബനിയായ വോഡഫോണാണ് എസ്.എം.എസ് ലേലത്തിന് വെച്ചത്. വോഡഫോണ്‍ എഞ്ചിനീയര്‍ നീല്‍ പാപ്വര്‍ത്ത് തന്റെ കമ്ബ്യൂട്ടറില്‍ നിന്ന് 1992 ഡിസംബര്‍ 3-ന് യു.കെയിലെ ഒരു മാനേജര്‍ക്ക് അയച്ചതാണ് ലോകത്തിലെ ആദ്യത്തെ എസ്.എം.എസ്. ‘ഓര്‍ബിറ്റല്‍’ ടെലിഫോണിലാണ് എസ്.എം.എസ് സ്വീകരിക്കപ്പെട്ടത്. കാണാന്‍ സാധാരണ ഡെസ്ക് ഫോണ്‍ പോലെയാണെങ്കിലും ഹാന്‍ഡിലുള്ള ഒരു കോഡ്ലെസ് ഫോണാണ് ‘ഓര്‍ബിറ്റല്‍’.
കോടിക്കണക്കിന് രൂപയ്ക്കാണ് പലരും തങ്ങളുടെ ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്കുകള്‍ എന്‍.എഫ്.ടിയായി വില്‍ക്കുന്നത്. അമിതാഭ് ബച്ചന്റെ കലാശേഖരത്തിന് എന്‍.എഫ്.ടി ലേലത്തിലൂടെ 7 കോടിയിലധികം രൂപ ലഭിച്ചിരുന്നു. നടി റിമ കല്ലിങ്കലും എന്‍.എഫ്.ടി വഴി വര്‍ക്കുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഏറെ ജനപ്രീതിയാര്‍ജിച്ച ഒരു തരം ഡിജിറ്റല്‍ അസറ്റാണ് എന്‍.എഫ്.ടി. സൃഷ്ടികള്‍ക്കോ കലാരൂപങ്ങള്‍ക്കോ ലഭിക്കുന്ന ഡിജിറ്റല്‍ ലൈസന്‍സെന്നും ഇതിനെ പറയാം. ഡിജിറ്റല്‍ കലാരൂപങ്ങള്‍ വിറ്റ് പണം കണ്ടെത്താനുള്ള അവസരമാണ് ബ്ലോക്ചെയിന്‍ അധിഷ്ഠിത സാങ്കേതികവിദ്യയായ എന്‍.എഫ്.ടി ഒരുക്കുന്നത്. ക്രിപ്റ്റോ കറന്‍സി ഇടപാടുകളിലൂടെയാണ് എന്‍.എഫ്.ടികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്.