തിരുവനന്തപുരം: വർക്കല എൻ എസ് എസ് കോളജിന് മുന്നിൽ അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം. സഹപാഠി ഓടിച്ച വാഹനം ഇടിച്ച് കോളജ് വിദ്യാർത്ഥിനിക്ക് പരുക്ക്. പരുക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്ക് വാഹനവുമായി എത്തിയപ്പോഴാണ് അപകടമുണ്ടായത്.
രണ്ടാം വർഷ ബിരുദ വിദ്യാർഥിനിക്കാണ് പരുക്കേറ്റത്. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കാര്‍ നിന്നത്. സംഭവത്തില്‍ കാറില്‍ ഉണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചാണ് റോഡില്‍ കാറോട്ടം നടത്തിയത്. അപകടത്തിന് മുന്‍പും കോളജിന് മുന്നിലുള്ള റോഡില്‍ നിരവധി വിദ്യാര്‍ഥികള്‍ ആഡംബര വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ ഓടിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ പരിക്ക് ഗുരുതരമല്ല. കാര്‍ ഇടിച്ചുതെറിപ്പിച്ച നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും നാലു ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്ക് അടക്കം നിസാര പരിക്കേറ്റിട്ടുണ്ട്. പോലീസിന് പുറമേ മോട്ടോര്‍ വാഹന വകുപ്പും കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

















