ആലപ്പുഴ: ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ കൊലപാതകക്കേസിലെ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ. പ്രതികൾ കേരളം വിട്ടെന്നും ഇവരെ ഉടനടി കണ്ടെത്താൻ സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി. ക്രമസമാധാനനില തകരാതിരിക്കുന്നതിനായാണ് വ്യാപക റെയിഡുകൾ നടത്തുന്നതെന്നും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ സാധിക്കില്ലെന്നും എഡിജിപി പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയാണ് പ്രതികള്‍ സഞ്ചരിക്കുന്നതെന്നാണ് പോലീസിനു മനസ്സിലായിട്ടുള്ളത്. ഇത് ഇവരെ കണ്ടെത്തുന്നതില്‍ വെല്ലുവിളിയാണെന്ന് എഡിജിപി പറഞ്ഞു. പോലീസ് സംഘം പ്രതികള്‍ക്കു പിന്നാലെ തന്നെയുണ്ട്. എല്ലാവരെയും കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുമെന്ന് എഡിജിപി പറഞ്ഞു.
രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസിനെ അക്രമികള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജിത്തിൻ്റെ കൊലപാതകം.

















