ന്യൂഡൽഹി: 1983ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയകഥ പറയുന്ന ചിത്രം ’83’ന് ഡൽഹി സർക്കാർ നികുതി ഒഴിവാക്കി. കബീർ ഖാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ രൺവീർ സിങ് ആണ് നായകൻ. കബീർ ഖാൻ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ഈ വിവരം പങ്കുവച്ചത്.
1983ലെ ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ തോൽപിച്ച് കപിൽ ദേവിന്‍റെ നായകത്വത്തിൽ ഇന്ത്യ നേടിയ വിജയമാണ് ’83’ന്‍റെ പ്രമേയം. ഡിസംബർ 24ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം തീയറ്ററുകളിലെത്തും. ഡൽഹിയിൽ സിനിമ നികുതിരഹിതമാക്കിയതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും കബീർ ഖാൻ നന്ദി പറഞ്ഞു. ഇന്ത്യയുടെ ചരിത്ര വിജയം കൂടുതൽ കാഴ്ചക്കാരിലേക്ക് എത്താൻ ഈ നീക്കം സഹായിക്കുമെന്ന് കബീർ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
















