കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിൻ്റെ മേക്കപ്പ്മാനായ ജോഷിക്കെതിരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം എറണാകുളം പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2019 കാലഘട്ടത്തിൽ മോൻസൻ്റെ എറണാകുളത്തെ വീട്ടിൽ ട്രീറ്റ്മെന്റ് മുറിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസ് കേസ്.
കേസ് രജിസ്റ്റർ ചെയ്ത് കൃത്യം അമ്പത്തിയേഴാമത് ദിവസമാണ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. നിലവിൽ ഈ കേസിൽ മോൻസൻ മാവുങ്കൽ രണ്ടാംപ്രതിയാണ്. മോൻസനെതിരെ രണ്ട് ബലാൽസംഗ കേസും ഒരു പോക്സോ കേസും അടക്കം 14 കേസുകൾ നിലവിലുണ്ട്.
ക്രൈംബ്രാഞ്ച് ഡി വൈ എസ് പി വൈ ആർ റെസ്റ്റം ആണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. ഇതേ കേസിലെ പെൺകുട്ടിയെ പീഡിപ്പിച്ചതിന് മോൻസനെതിരെയുള്ള പോക്സോ കേസിൽ കഴിഞ്ഞ ആഴ്ച ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

















