വാഷിംഗ്ടൺ ഡിസി: കോവിഡിന്റെ ഒമിക്രോൺ വകഭേദം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിപുലമായി പരിശോധനയ്ക്ക് ഒരുങ്ങുകയാണ് യുഎസ്. ഇതിനായി 500 ദശലക്ഷം കോവിഡ് റാപ്പിഡ് ടെസ്റ്റുകൾ വീടുകളിലേക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
യുഎസിൽ ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുകയാണ്. രാജ്യത്തെ 36 സ്റ്റേറ്റുകളിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഒമിക്രോണ്‍ കാരണം വീണ്ടും കോവിഡ് അതിവേഗ വ്യാപനമുണ്ടാകുമോയെന്ന ആശങ്കയിലാണു രാജ്യം. പുതിയ കോവിഡ് കേസുകളിൽ 73 ശതമാനവും ഒമിക്രോൺ മൂലമാണെന്നാണ് റിപ്പോർട്ട്. യുഎസില്‍നിന്നുള്ള കണക്കു പ്രകാരം കഴിഞ്ഞ ആഴ്ച ഇതു വെറും മൂന്ന് ശതമാനമായിരുന്നു.
യുഎസിലെ ചില പ്രദേശങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളെല്ലാം ഒമിക്രോണ്‍ ആണ്. ന്യൂയോർക്കിലും ന്യൂജഴ്സിയിലും 92 ശതമാനമാണ് ഒമിക്രോണിന്റെ വർധന. വാഷിംഗ്ടണിൽ 96 ശതമാനം.ഒമിക്രോണിനെതിരെ ബൂസ്റ്റർ ഡോസ് വാക്സിന് സ്വീകരിക്കണമെന്ന് യുഎസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
















