തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ മന്ത്രി ചികിത്സ തേടിയിരുന്നു. കൂടുതൽ ചികിത്സ ആവശ്യമായ സാഹചര്യത്തിലാണ് വിദേശത്തേക്ക് പോകുന്നത്. ജനുവരി അഞ്ചു മുതലാണ് അമേരിക്കയിലെ ജോണ്‍സ് ഹോപ്കിൻസ് ഔട്ട് പേഷ്യന്റ് സെന്ററിൽ മന്ത്രിയുടെ ചികിത്സ.
ന്യൂയോർക്കിലേക്കുള്ള യാത്രയുടെയും ചികിത്സയുടെയും മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് ഉത്തരവിൽ പറയുന്നു. മെഡിക്കൽ പരിശോധനകൾക്കും തുടർ ചികിത്സയ്ക്കുമായി അമേരിക്ക സന്ദർശിക്കുന്നതിന് മന്ത്രിക്ക് അനുമതി നൽകി പൊതുഭരണവകുപ്പ് ഉത്തരവ് ഇറക്കി.
ഡിസംബർ 26 മുതൽ ജനുവരി 15 വരെ അമേരിക്ക സന്ദർശിക്കാൻ അനുമതി നൽകിയാണ് സർക്കാർ ഉത്തരവിറക്കത്. പിന്നീട് ആശുപത്രിയിലെ ചില അസൗകര്യങ്ങളെ തുടർന്നു യാത്ര ജനുവരി അഞ്ചു മുതൽ 18 വരെയാക്കി പുനഃക്രമീകരിക്കുകയായിരുന്നു.
മലപ്പുറം താനൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച കഴിഞ്ഞ രണ്ട് തവണയും അബ്ദുറഹ്മാൻ നിയമസഭയിലെത്തി. ആരോഗ്യപ്രശ്നങ്ങൾ കാരണം ഇത്തവണ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പാർട്ടി നിർദ്ദേശ പ്രകാരം ഇടത് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.

















