സാന്റിയാഗോ: മുൻ വിദ്യാർഥി നേതാവും ഇടതുപക്ഷ നിലപാടുകാരനുമായ ഗബ്രിയേൽ ബോറിക് ചിലെയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മാർച്ചിലാണു സ്ഥാനമേൽക്കുക. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറായാണ് 35കാരനായ ഗബ്രിയേൽ ബോറിക് രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ വൻ മാർജിനിൽ അധികാരമേറുന്നത്.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 55.87% വോട്ടു നേടിയാണു ജയം. മുഖ്യ എതിരാളിയും തീവ്ര വലതുപക്ഷ നിലപാടുകാരനുമായ ജോസ് അന്റോണിയോ കാസ്റ്റിനു 44.13% വോട്ടു ലഭിച്ചു. വോട്ടെടുപ്പ് പൂർത്തിയായി ഒന്നര മണിക്കൂറിനുള്ളിൽ തോൽവി സമ്മതിച്ച കാസ്റ്റ് പുതിയ പ്രസിഡൻറ് ബോറികിന് അഭിനന്ദനമറിയിച്ച് ട്വീറ്റിട്ടത് ശ്രദ്ധേയമായി. നിലവിലെ പ്രസിഡൻറ് സെബാസ്റ്റ്യൻ പിനേരയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്നയാളാണ് കാസ്റ്റ്.
10 വർഷം മുൻപ് ചിലെയിൽ വിദ്യാഭ്യാസമേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും പാവപ്പെട്ട വിദ്യാർഥികൾക്കു സൗജന്യവിദ്യാഭ്യാസം ആവശ്യപ്പെട്ടും തലസ്ഥാനത്തു വൻ വിദ്യാർഥി പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ നേതാവാണു ബോറിക്. മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, വിദ്യാഭ്യാസ കടം എഴുതിത്തള്ളുക, അതിസമ്പന്നർക്കു കൂടുതൽ നികുതി ചുമത്തുക, സ്വകാര്യ പെൻഷൻ പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബോറിക് സമരരംഗത്തിറങ്ങിയത്.
ചിലിയെ വേട്ടയാടുന്ന കടുത്ത അസമത്വങ്ങൾക്കും ദാരിദ്ര്യത്തിനുമെതിരെ പൊരുതുമെന്ന വാഗ്ദാനവുമായാണ് ബോറിക് ജനങ്ങളെ സമീപിച്ചിരുന്നത്. പിനേരയുടെ നവ ലിബറൽ നയങ്ങൾക്കെതിരെ തെരുവുനിറഞ്ഞ സമരങ്ങളുമായാണ് സജീവ രാഷ്ട്രീയത്തിലെത്തിയിരുന്നത്. 1973ൽ ഇടതു സഹയാത്രികനായ അന്നത്തെ പ്രസിഡൻറ് സാൽവദോർ അലൻഡെയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി പിനോഷെ അധികാരം പിടിച്ച ശേഷം ഇതുവരെയും വലതിനൊപ്പമായിരുന്നു ചിലെ.
പിനോഷെ 1990 വരെ അധികാരത്തിൽ തുടർന്നു. 3,000ത്തിലേറെ പേരാണ് പിനോഷെ ഭരണകാലത്ത് കൊല്ലപ്പെടുകയോ അപ്രത്യക്ഷമാകുകയോ ചെയ്തത്. അദ്ദേഹത്തിനു ശേഷവും ചിലിയിൽ ഇടതിന് ഭരണമേറാനായിരുന്നില്ല. അതാണ് 48 വർഷത്തിനു ശേഷം ബോറികിലൂടെ തിരുത്തിക്കുറിച്ചത്. പിനോഷെ ഉണ്ടാക്കിയ ഭരണഘടന പൊളിച്ചെഴുതാൻ കഴിഞ്ഞ വർഷം ജനം വിധിയെഴുതിയിരുന്നു. പിന്നാലെ അധികാരവും ഇടതിന് ലഭിക്കുന്നത് രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് ഇടയാക്കും.
















