ആലപ്പുഴ; ആലപ്പുഴ മുനിസിപ്പൽ മേഖലയിലെ ഹയർ സെക്കൻഡറി തലം വരെയുള്ള സ്‌കൂളുകൾക്ക് ഇന്ന് അവധി . 12 മണിക്കൂറിനിടെ ആലപ്പുഴയിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് അവധി. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ആലപ്പുഴയിൽ ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്നു ചേരും. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സർവകക്ഷിയോഗം നടക്കുന്നത്.മന്ത്രി പി. പ്രസാദും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിലെ ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചു. കൂടിയാലോചന ഇല്ലാതെയാണ് കളക്ടർ യോഗം വിളിച്ചതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ എല്ലാവരുമായി കൂടിയാലോചന നടത്തിയെന്ന് ജില്ലാ കളക്ടർ പ്രതികരിച്ചു. ഇന്നലെ തന്നെ നേതാക്കളുമായി ആലോചിച്ചിരുന്നുവെന്നും ആലോചനയ്ക്ക് ശേഷമാണ് യോഗം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

















