മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായി കൊടുങ്കാറ്റില്‍ നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വൈദ്യുതിയും വിവിധ ആശയവിനിമയ മാര്‍ഗങ്ങളും വിച്ഛേദിക്കപ്പെട്ട സ്ഥിതിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ബൊഹോയില്‍ മാത്രം 49 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10 പേരെ കാണാതാകുകയും ചെയ്തു. മൂന്നുലക്ഷം പേരെ പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് കാറ്റ് തെക്കന്‍ ചൈനാക്കടല്‍ ലക്ഷ്യമാക്കി രാജ്യത്തിന്റെ തെക്കന്‍ ദ്വീപ് മേഖലകളിലൂടെ ആഞ്ഞടിച്ചത്. നിലവില്‍ മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തിലാണ് റായി വീശുന്നത്. ക്രമേണ റായിയുടെ വേഗംകൂടി മണിക്കൂറില്‍ 270 കിലോമീറ്ററായി വര്‍ധിക്കുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനല്‍കി. ശക്തമായ കാറ്റില്‍ കടപുഴകിയ മരങ്ങള്‍ പതിച്ചാണ് കൂടുതല്‍പേരും മരിച്ചത്.
















