പെട്ടിമുടി ദുരന്തത്തിൽ (Pettimudi landslide) മരിച്ച വനംവകുപ്പിലെ ജീവനക്കാരുടെ കുടുംബങ്ങൾക്ക് വനം വകുപ്പിൻറെ (Forest Department) സഹായധനം കൈമാറി. വാച്ചർ അച്ചുതൻ, ഡ്രൈവർ മണികണ്ഡൻ എന്നിവർക്കുള്ള ഇൻഷുറൻസ് തുകയാണ് നൽകിയത്. അറുപത്തി ആറായിരത്തി അറുനൂറ്റി അറുപത്തേഴ് രൂപ വീതമാണ് ഓരോരുത്തർക്കും നൽകിയത്. ദേവികുളം വനംവകുപ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ എ രാജ എംഎൽഎയാണ് സഹായധനം കൈമാറിയത്.
പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് സർക്കാർ വീട് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയിലെന്ന് ഇരകൾ ഹൈക്കോടതിയിൽ. പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് കുറ്റിയാർവാലിയിൽ സർക്കാർ കണ്ടെത്തിയ 50 സെൻറ് ഭൂമിയിൽ വാഹനങ്ങൾപോലും പോകില്ലെന്നും റേഷൻ വാങ്ങാൻ പോലും കിലോമീറ്ററുകളോളം കാൽനടയായി പോകേണ്ട സ്ഥിതിയാണെന്നും ഇരകൾ കോടതിയെ അറിയിച്ചു. കണ്ണൻ ദേവൻ കമ്പനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയിൽ വീട് വെക്കാൻ സ്ഥലം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ എസ്റ്റേറ്റ് ഭൂമി തൊഴിലാളികൾക്ക് വീട് വെക്കാൻ അനുവദിക്കണമെന്നതിൽ നിരവധി നിയമ പ്രശ്നങ്ങൾ നിലനിൽക്കുന്നതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ദുരിതബാധിതർക്കായി കുറ്റിയാർ വാലിയിൽ 8 വീട് നിർമിച്ചെന്നും 6 പേർക്ക് പട്ടയം അനുവദിച്ചുവെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സർക്കാർ നിർദ്ദേശിച്ച 8 പേർക്ക് വീട് നിർമിച്ചു കൈമാറിയെന്ന് കണ്ണൻ ദേവൻ കമ്പനിയും കോടതിയെ അറിയിച്ചു.

















