റിയാദ്: സംഗീത പ്രേമികളെ അഭൗമ തലത്തിലേയ്ക്ക് ഉയർത്തി അരങ്ങേറിയ റിയാദ് സൗണ്ട്സ്റ്റോം മ്യൂസിക് ഫെസ്റ്റിഫലിന്റെ ആദ്യദിനത്തിൽ ആസ്വാദകരുടെ കുത്തൊഴുക്ക്. റിയാദിലെ അടിമുടി മാറ്റം പ്രതിഫലിപ്പിച്ച് ആദ്യദിനം തന്നെ പരിപാടിക്ക് വന്നെത്തിയത് 1,80,000 ലേറെ കലാസ്വാദകർ. നാലുദിവസങ്ങളിലായി 5 ലക്ഷം സംഗീതപ്രേമികളെയാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഗീത പരിപാടിയായ എംഡിഎൽ ബീസ്റ്റ് സൗണ്ട്സ്റ്റോം 21, ‘സ്പിരിറ്റ് ഓഫ് സൗദി അറേബ്യ’ എന്ന പേരിൽ നടക്കുന്ന സീസണൽ പരിപാടികളുടെ ഭാഗമാണ് സംഘടിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച തുടങ്ങിയ സംഗീതോത്സവത്തിന് നാളെ സമാപനമാകും. ബെൽജിയത്തിൽ നടക്കുന്ന ടുമാറോലാൻഡിനെയും കാലിഫോർണിയയിലെ കോച്ചെല്ലയെയും മറികടന്ന് സൗണ്ട്സ്റ്റോം ആഗോളതലത്തിലെ ഏറ്റവും വലിയ സംഗീതോത്സവമാക്കി മാറുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
സംഗോതോത്സവ സംഘാടകരായ സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സൗണ്ട്സ്റ്റോം ഫെസ്റ്റിവലിൽ എത്തി ബന്ധൻ കെട്ടാൻ പ്രോത്സാഹിപ്പിച്ചതോടെ സാമൂഹിക മാധ്യമങ്ങൾ വഴി അത് വൈറലായി. ഇദ്ദേഹത്തെ അനുകരിച്ച് കലാസ്വാദകരും അറബ് സെലിബ്രിറ്റികളും നെറ്റിയിൽ തൂവാല കെട്ടിയ ചിത്രങ്ങൾ വ്യാപകമായ തോതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. #put on_ your_bandana_, #go_ Ya_monster എന്നീ ഹാഷ്ടാഗുകൾ മികച്ച ട്രെൻഡ് സൃഷ്ടിച്ചു. കൈയിലും തലയിലും ഇത്തരം തൂവാല കെട്ടിയ ആഘോഷം വന്നെത്തിയവർ ഓരോരുത്തരും ഏറ്റെടുത്തു.
എല്ലാവർക്കും സ്വതന്ത്രരായിരിക്കാനും സ്വയം പ്രകടിപ്പിക്കാനുമുള്ള അവസരമാണിതെന്നും വ്യത്യസ്ത വേഷത്തിലും രൂപത്തിലും വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ആഘോഷമാണിതെന്നും ആരാധകർ പറഞ്ഞു. എട്ട് വേദികളിൽ അരങ്ങേറുന്ന ഉത്സവത്തിന് ബിഗ് ബീസ്റ്റ് സ്റ്റേജിൽ ആരംഭിച്ച സൗദി-പലസ്തീൻ ഡിജെ, ഡാഡി ബിഷ്തിന്റെ പ്രകടനമാണ് സന്ദർശകരെ സ്വാഗതം ചെയ്തത്. 200-ലധികം പ്രാദേശിക, രാജ്യാന്തര കലാകാരന്മാർ പങ്കെടുത്ത സംഗീതോത്സവത്തിന് ലോകമെമ്പാടുമുള്ള ആരാധകർ ഒഴുകിയെത്തി. ലോകത്തെ സംഗീത പ്രമുഖരെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ പ്രകടനങ്ങൾ ആരാധകർക്ക് ഒരേ സമയം ആസ്വദിക്കാൻ കഴിയുക എന്നത് അപൂർവമാണ്. സ്നേഹത്തിന്റെ ചേരുവകളാണ് സംഗീതമെന്നും അത് നിർബാധം ഇവിടെ ഒഴുകുന്നത് മനസുകൾ തമ്മിലെ ഇമ്പം കൂട്ടുമെന്നും ആരാധകർ ഒരേസ്വരത്തിൽ പറഞ്ഞു.
എലിസ, മാജിദ് അൽ-മൊഹാൻദിസ്, നൂറ എൻ പ്യൂർ, റിഹാബ്, ആക്സ്വെൽ, സെബാസ്റ്റ്യൻ ഇൻഗ്രോസോ, ടിസോ എന്നിവർ ഉൾപ്പെടെ ചേർന്ന് നടത്തിയ അവിശ്വസനീയ പ്രകടനത്തോടെയാണ് ഒന്നാം ദിനത്തിന് പരസമാപ്തിയായത്. സംഗീതത്തിന് പുറമെ പരിപാടിക്ക് കൊഴുപ്പേകാൻ ആർക്കേഡ് ബാസ്ക്കറ്റ്ബോൾ, പിരമിഡ് സ്മാഷ് എന്നിവയുൾപ്പെടെയുള്ള പ്രദർശനം സന്ദർശകർക്ക് പ്രിയങ്കരമാക്കാൻ ആകർഷകങ്ങൾ ഒട്ടേറെയുണ്ടായിരുന്നു. ഫുഡ്കോർട്ടുകൾ, വസ്ത്ര ശാലകൾ, ആർട്ട് ഷോകൾ, എന്റർടൈൻമെന്റ് കോർണറുകൾ.. അങ്ങനെ. പലതും
സാമൂഹിക മാന്യതക്ക് നിരക്കാത്ത പെരുമാറ്റങ്ങൾ തടയാനും ഉത്സവം കാണാനെത്തുന്നവർക്ക് സുരക്ഷയൊരുക്കുന്നതിനും 8000 ത്തിലധികം ഉദ്യോഗസ്ഥരെയെയും പ്രതികരണ സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്.ഔദ്യോഗിക എംഡിഎൽ ബീസ്റ്റ് ആപ്പ് വഴി ഇത്തരം സന്ദർഭങ്ങൾ റിപ്പോർട്ട് ചെയ്യാനും സംവിധാനമുണ്ട്.