ആഫ്രിക്കൻ പായലിൽനിന്ന് ജൈവഡീസൽ ഉത്പാദിപ്പിക്കാമെന്ന മലയാളി ഗവേഷകരുടെ കണ്ടെത്തൽ ശ്രദ്ധേയമാവുന്നു. എൻ.ഐ.ടി. സ്കൂൾ ഓഫ് ബയോടെക്നോളജിയുടെയും മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിന്റെയും കീഴിലാണ് 2018-ൽ ആഫ്രിക്കൻ പായലും സൂക്ഷ്മ ആൽഗകളും ഉപയോഗിച്ച് ജൈവഡീസൽ നിർമിച്ചത്.
നിർമിച്ച ജൈവഡീസൽ വിജയകരമായി ഡീസൽ എൻജിനുകളിൽ പരീക്ഷിച്ചെന്ന് ഗവേഷണം നടത്തിയ പെരിന്തൽമണ്ണ എം.ഇ.എ. എൻജിനിയറിങ് കോളേജ് എൻജിനിയറിങ് ഡിപ്പാർട്ട്മെന്റ് തലവൻ ഡോ. എം. മുബാറക് പറഞ്ഞു. ഊർജക്ഷമതയിൽ ഡീസലിനു സമാനമാണ് ജൈവഡീസലെന്ന് വ്യക്തമായി. മലിനീകരണവും കുറവാണ്. ഗവേഷണഫലം എൽസിവിയർ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ജാർഖണ്ഡ് എൻജിനിയർ പ്രസാദ് ഗുപ്തയെ ജൈവഡീസൽ നിർമാണം ചർച്ചചെയ്യാൻ കേരളത്തിലേക്കു ക്ഷണിച്ച സാഹചര്യത്തിൽ പ്രാധാന്യമർഹിക്കുന്നതാണ് കണ്ടെത്തൽ.
ജൈവഡീസൽ ഉത്പാദനം ചെലവേറിയതാണ്. ലാഭകരമാവണമെങ്കിൽ ഉപയോഗിക്കുന്ന സസ്യങ്ങളിൽനിന്ന് മറ്റ് ഉത്പന്നങ്ങളും വേർതിരിച്ചെടുക്കണമെന്ന് മുബാറക് പറയുന്നു. ജൈവ ഇന്ധനത്തിനായി സസ്യത്തിലെ ട്രൈഗ്ലിസറേഡ് മാത്രമേ ആവശ്യമുള്ളൂ. ഇതിനുപുറമേ ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്ന സംയുക്തങ്ങൾ സസ്യങ്ങളിൽനിന്ന് വേർതിരിക്കാം. കൂടാതെ ബയോ ഗ്യാസും ബയോഎത്തനോളും നിർമിക്കാം. ഇങ്ങനെയാവുമ്പോൾ ജൈവഡീസൽ നിർമാണം ലാഭകരമാക്കാനാവും. ഇതിനുള്ള തുടർപഠനം നടക്കേണ്ടതുണ്ട്.
ഡോക്ടറേറ്റ് പഠനത്തിന്റെ ഭാഗമായാണ് മുബാറക് എൻ.ഐ.ടി.യിൽ ജൈവഡീസലിൽ ഗവേഷണം നടത്തിയത്. എൻ.ഐ.ടി. സ്കൂൾ ഓഫ് ബയോടെക്നോളജി അസോ. പ്രൊഫ. ഡോ. ടി.വി. സുചിത്ര, മെക്കാനിക്കൽ എൻജിനിയറിങ് പ്രൊഫ. ഡോ. എ. ഷൈജ എന്നിവരുടെ സഹായത്തോടെയായിരുന്നു പഠനം. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് (കെ.എസ്.സി.എസ്.ടി.ഇ.) ഗവേഷണത്തിന് സാമ്പത്തിക സഹായം നൽകിയത്.