തിരുവനന്തപുരം: ആൺവിദ്യാർത്ഥികളെ അശ്ലീലകെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ. രാജസ്ഥാനിൽ നിന്നാണ് സംഘത്തിലെ മൂന്നു പേരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് പിടികൂടിയത്.
അശോക് പട്ടിദാർ, നിലേഷ് പട്ടിദാർ, വല്ലഭ് പട്ടിദാർ എന്നിവരാണ് പിടിയിലായ പ്രതികൾ. രാജ്യവ്യാപകമായി ഇരകളെ കുടുക്കുന്ന സംഘമാണിതെന്നും കേരളത്തിൽ നിന്ന് നിരവധി വിദ്യാർത്ഥികളെ ഇവർ വലയിലാക്കിയെന്നും പൊലീസ് പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ് പോലീസ് സംഘത്തെ കുടുക്കിയത്. കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയിരുന്നു.
സംഘത്തിന്റെ അശ്ലീല കെണിയില്‍ കുടുങ്ങി പത്ത് ലക്ഷം രൂപയാണ് തിരുവനന്തപുരത്ത് നിന്നുള്ള വിദ്യാര്‍ഥിക്ക് നഷ്ടമായത്. ഇയാളുടെ പരാതിയിലാണ് സിറ്റി സൈബര്‍ പോലീസിന്റെ ഒരു സംഘം പ്രതികളെ തേടി രാജസ്ഥാനലേക്ക് പോയത്.
ഓൺലൈൻ വിദ്യാഭ്യാസത്തിനെന്ന പേരില്‍ കുട്ടികളെ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ട ശേഷം വലയില്‍ കുടുക്കുന്നതാണ് ഇവരുടെ പദ്ധതി. ബന്ധം സ്ഥാപിച്ച കുട്ടികളില്‍ നിന്ന് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും പിന്നീട് സോഷ്യല്‍ മീഡിയ വഴി അത് പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി കുട്ടികളില്‍ നിന്ന് പണം തട്ടുകയുമാണ് ചെയ്യാറ്.
നിരവധി വിദ്യാർത്ഥികളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ നാളെ കേരളത്തിലെത്തിക്കും.
അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാംലാല്‍, ഉദ്യോഗസ്ഥരായ ഷിബു, സുനില്‍കുമാര്‍, വിപിന്‍ ഭാസ്‌കര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് രാജസ്ഥാനിലേക്ക് പോയത്. മലയാളിയായ ജോധ്പുര്‍ കമ്മീഷണര്‍ ജോസ്‌മോന്‍ ഐപിഎസിന്റെ സഹായത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
















