തിരുവനന്തപുരം: കെ റെയിലിൽ സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം. കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കെ-റെയിലിനല്ലെന്നും പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നും വിമര്‍ശനം ഉയര്‍ന്നു.
ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കുന്ന തരത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നുമുള്ള അഭിപ്രായത്തിനായിരുന്നു കൗണ്‍സിലില്‍ മേല്‍കൈ. കൊല്ലത്തുനിന്നുള്ള ആര്‍ രാജേന്ദ്രനാണ് വിമര്‍ശനം തുടങ്ങിവെച്ചത്. മുന്‍മന്ത്രിമാരായ വിഎസ് സുനില്‍കുമാറും കെ രാജുവും പദ്ധതിയെ വിമര്‍ശിച്ചു.
കേരളത്തിനെ പോലൊരു സംസ്ഥാനത്തിന് ഒരിക്കലും സാമ്ബത്തികമായി പദ്ധതി താങ്ങാനാകില്ലെന്നും പദ്ധതിയെ അനുകൂലിക്കുന്നത് ഗുണകരമാകില്ലെന്നും കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായമുയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതിയായതിനാലാണ് ഇതിനെ അനുകൂലിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. സി.പി.ഐ ആയിട്ട് പദ്ധതിയെ തകര്‍ത്തുവെന്ന ആക്ഷേപം കേള്‍ക്കുന്നത് ഗുണകരമല്ലെന്നും അതുകൊണ്ടാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും കാനം വ്യക്തമാക്കി.
പദ്ധതിക്കെതിരെ നിൽക്കുന്ന യുഡിഎഫ് എംപിമാർ സംസ്ഥാനത്തോട് കാട്ടുന്നത് കൊടും വഞ്ചനയാണെന്ന് കാനം പറഞ്ഞു. ഐഐവൈഎഫ് സംസ്ഥാന സമ്മേളനത്തിലും കെ റെയിലിൽ വിമർശനമുയർന്നിരുന്നു.

















