തിരുമല ചന്തയില്‍ എന്നും വൈകുന്നേരം പച്ചക്കറി വില്‍ക്കുന്ന ഒരു അമ്മൂമ്മയെ കാണാം. പേര് വസന്ത. മുഷിഞ്ഞ കൈലിയും തോളത്ത് ഒരു തോര്‍ത്തും മെലിഞ്ഞുണങ്ങിയ മുഖത്ത് അഴുക്കു പടര്‍ന്ന ഒരു കണ്ണടയും വെച്ച് കരിങ്കല്ലില്‍ ഇരുന്ന് മുരിങ്ങക്കയും മുളകും പാവയ്ക്കയും വില്‍ക്കുന്ന ഒരമ്മൂമ്മ. അടുത്ത് തിരിയിട്ടു കത്തിച്ചുവെച്ച വിളക്കിന്റെ വെട്ടത്തില്‍ വെളുത്ത തലമുടി പറക്കുന്നുണ്ട്. കൈയ്യിലെ പ്ലാസ്റ്റിക് സഞ്ചി ഓരത്തുവെച്ച്, അവര്‍ പച്ചക്കറി വാങ്ങാനെത്തുന്നവരെ കാത്തിരിക്കുകയാണ്. ആരെങ്കിലും പച്ചക്കറി വാങ്ങിയാല്‍ സന്തോഷം ഇല്ലെങ്കില്‍ പരിഭവമില്ല. വൈകുവോളം പച്ചക്കറി വില്‍പ്പന നടത്തുന്ന ഇവര്‍ രാത്രി ആയാല്‍ എങ്ങോട്ടു പോകും ?. എവിടെ കിടക്കും ?. എന്തു കഴിക്കും ?. ആര്‍ക്കുമറിയില്ല. ഇതൊന്നും നോക്കാന്‍ അവര്‍ക്ക് കുടുംബമില്ല. മക്കളില്ല. ബന്ധുക്കള്‍ ഒന്നും നോക്കാനുമില്ല.
എന്നാല്‍, വസന്തയുടെ ഉള്ളില്‍ വേദനയുടെ ഒരു കടല്‍തന്നെയുണ്ട്. കരഞ്ഞുണങ്ങിയ ഉപ്പിന്റെ രുചിയുള്ള കടല്‍. അതും ഉള്‌ലിലൊതുക്കിയാണ് അവര്‍ ജീവിക്കാനുള്ള പച്ചക്കറിത്തട്ടില്‍ ഇരിക്കുന്നത്. എന്താണ് അവരുടെ വേദന ?. കൂടെപ്പിറപ്പിന്റെ മകള്‍ക്കു നല്‍കിയ സ്‌നേഹത്തെ, തന്ത്രംകൊണ്ട് കബളിപ്പിച്ച് വഴിയാധാരമാക്കിയതിന്റെ വേദന. കിടപ്പാടം സഹോദരിയുടെ മകള്‍ തന്ത്രപൂര്‍വ്വം ആധാരമാക്കിയതോടെ വസന്ത വഴിയാധാരമായി. ആകെ ഉണ്ടായിരുന്ന 5 സെന്റ് ഭൂമിയായിരുന്നു അത്. സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള പേയാടായിരുന്നു ആ സ്ഥലം ഉണ്ടായിരുന്നത്. കരഞ്ഞും കാലുപിടിച്ചും സ്‌നേഹം കാട്ടിയും കൊഞ്ചിച്ചുമെല്ലാം വസന്തയെ പാട്ടിലാക്കിയാണ് സഹോദരിയുടെ മകള്‍ സുഗന്ധിയും ഭര്‍ത്താവ് ബിജുമോനും വസ്തു കൈക്കലാക്കിയത്.
അന്ന് സെന്റിന് 100 രപയിട്ട് അഞ്ചു സെന്റിന് 500 രൂപയ്ക്ക് വിലാധാരം എവുതി വാങ്ങുകയായിരുന്നു. അക്ഷരാഭ്യാസം ഇല്ലാത്ത വസന്തയ്ക്ക് അന്ന് ചതി മനസ്സിലായില്ല. പിന്നീട് സുഗന്ധി നിയമസഭാ ഉദ്യോഗസ്ഥയും, ഭര്‍ത്താവ് ബിജുമോന്‍ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനും ആയപ്പോഴാണ് തന്നെ ചതിച്ചാണ് വസ്തു കൈക്കലാക്കിയതെന്ന് മനസ്സിലായത്. പിന്നീട് തന്റെ കിടപ്പാടം തിരിച്ചു പിടിക്കാന്‍ അറിയാവുന്ന വഴിയിലൂടെയെല്ലാം നടന്നെങ്കിലും ആരും സഹായിക്കാനുണ്ടായില്ല. എന്തിന്, ഒരപേക്ഷ മലയാളത്തില്‍ എഴുതി തരാന്‍ പോലും ആരും തയ്യാറായില്ല. കേസ് കൊടുക്കാന് പോയ വക്കീലും തിനിക്ക് എതിരേ നിന്നു. ഒടുവില്‍ സുഗന്ധിയും ബിജുമോനും നിയമപരമായി വിജയം കണ്ടു. പഠിപ്പും ജോലിയുടെ പത്രാസും കണ്ട് എല്ലാവരും അവര്‍ക്കൊപ്്പം നിന്നപ്പോള്‍, തോറ്റുപോയത് നീതിയും ന്യായവും സത്യവും.
എന്നിട്ടും പരിഭവിക്കാതെ ആരുടെയും മുമ്പില്‍ തലകുനിക്കാതെ വസന്ത പച്ചക്കറി വിറ്റ് ജീവിക്കുന്നു. ഉറങ്ങാന്‍ മാത്രം, സന്‍മനസ്സുള്ളവരുടെ വീടുകളുടെ വടക്കേപ്പുറങ്ങള്‍ തിരയുന്നു. മരിക്കും മുമ്പ്, തന്റെ വസ്തുവിന്റെ വിലയെങ്കിലും സുഗന്ധിയില്‍ നിന്നും വാങ്ങിയെടുക്കാന്‍ കഴിയുമോ എന്ന ചിന്തയാണ് പെരുവഴിയില്‍കിടക്കുമ്പോള്‍ അലട്ടുന്നത്. മരിക്കുംമുമ്പ് ഒരിക്കല്‍ക്കൂടി വസന്ത ഇറങ്ങിയിരിക്കുകയാണ്. അവസാന പോരാട്ടത്തിലേക്ക്. അതിന്റെ ആദ്യ ചുവടെന്നോണം വിളപ്പില്‍ പോലീസില്‍ പരാതി നല്‍കി. തന്റെ വസ്തുവിന് ന്യായമായ വില വാങ്ങി നല്‍കുകയോ, അല്ലെങ്കില്‍, ട്രൈബ്യുണലിന്റെ ഉത്തരവ് നടപ്പാക്കുകയോ ചെയ്യണമെന്നാണ് വസതന്തയുടെ പരാതി.
പരാതി വായ്ച്ച് ബോധ്യപ്പെട്ട എസ്.ഐ അന്വേഷിക്കാമെന്നും ഉറപ്പു നല്‍കിയാണ് വസന്തയെ തിരിച്ചയച്ചത്. ഇനി പച്ചക്കറി വില്‍ക്കാന്‍ പോണം. കേസിന്റെ പിന്നാലെയുള്ള അവസാന യാത്രയില്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയുണ്ട്. മരിക്കുമ്പോള്‍ മടിയില്‍, സ്വന്തം വസ്തു വിറ്റപണത്തിന്റെ കനമുണ്ടാകണം. ആ പണം ആര്‍ക്കെങ്കിലും ഉപകരിക്കണം. ഒരു തുണ്ട് ഭൂമിയെങ്കിലും സ്വന്തം പേരില്‍ വാങ്ങണം. വസന്ത പറയുന്നു.
വസന്ത വിളപ്പില്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ്
ബഹുമാനപ്പെട്ട വിളപ്പില്‍ പോലീസ് സ്‌റ്റേഷന്‍ ഹെഡ് ഓഫീസര്‍ സമക്ഷം
സര്‍,
എന്റെ പേര് വസന്ത (69) ബോധിപ്പിക്കുന്ന പരാതി. സമക്ഷം വിവരങ്ങള്‍ വായിച്ചു ബോധ്യപ്പെടുമ്പോള്‍ മാനുഷികവും നീതിപൂര്‍വ്വവുമായ തീര്‍പ്പുണ്ടാക്കി തരാന്‍ വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. സര്‍, എന്റെ പേരില്‍ പേയാട് ഉണ്ടായിരുന്ന(വിവരങ്ങള്‍ക്കായി പ്രമാണത്തിന്റെ കോപ്പിയും മറ്റു തെളിവുകളും അടക്കം ചെയ്യുന്നു) അഞ്ചുസെന്റ് വസ്തു 500 രൂപയ്ക്ക് വിലയാധാരം ചെയ്യിച്ച്, എഴുത്തും വായനയും അറിയാത്ത എന്നെ കബളിപ്പിച്ച് സ്വന്തമാക്കിയ എന്റെ സഹോദരീ മകള്‍ സുഗന്ധിയും, ഭര്‍ത്താവ് ബിജുമോനും എതിരേയാണീ പരാതി. ഇവര്‍ നിയമപരമായ നടപടികളെല്ലാം കൃത്യമാക്കി എന്നെ പറ്റിച്ച്, തട്ടിയെടുത്ത എന്റെ കിടപ്പാടം നഷ്ടപ്പെട്ടതോടെ ഞാന്‍ അനാഥയും തെരുവിലുമായി. തിരുമല ചന്തയില്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ പച്ചക്കറി, ചില്ലറ വില്‍പ്പന നടത്തിയാണ് ഇപ്പോള്‍ ജീവിക്കുന്നത്. രാത്രിയില്‍ കിടക്കുന്നത്, പരിചയക്കാരുടെ വീടിന്റെ വടക്കേപ്പുറത്തും, തിണ്ണയിലുമൊക്കെയാണ്. ഇതാണ് എന്റെ ഇപ്പോഴത്തെ ജീവിതം. സര്‍, നിയമത്തിന്റെ മുമ്പില്‍ സുഗന്ധിയും ബിജുമോനും എന്റെ കൈയ്യില്‍ നിന്നും എഴുതി വാങ്ങിയതും, സ്ഥലത്തിനു വിലയാധാരം നല്‍കിയ 500 രൂപയും ശരിയാണെന്ന് സമര്‍ഥിച്ചുറപ്പിക്കുമ്പോള്‍, ഞാന്‍ തെരുവില്‍ നില്‍ക്കുകയാണ്. കയറിക്കിടക്കാന്‍ ഒരിടമില്ലാതെ.
എന്റെ വസ്തുവിന് വെറും 500 രൂപയാണോ സര്‍ വില കിട്ടുക. അതുതന്നെ എന്നെ കബളിപ്പിച്ചതാണെന്ന് ബോധ്യമാകില്ലേ. പേയാട് എന്ന സ്ഥലത്ത്, ഒരുസെന്റ് ഭൂമിക്ക് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ന്യായമായും ലഭിക്കേണ്ട വില അന്വേഷിച്ചാല്‍ അറിയാനാകും സര്‍. ഒരുസെന്റ് ഭൂമി പോലും 500 രൂപയ്ക്ക് കിട്ടാത്തപ്പോഴാണ് സെന്റിന് 100 രൂപവെച്ച് അഞ്ചുസെന്റ് ഭൂമി 500 രൂപയ്ക്ക് വിലയാധാരം എഴുതിവാങ്ങി എന്നെ കബളിപ്പിച്ച് സ്വന്തമാക്കിയത്. സര്‍, ഒന്നാലോചിച്ചു നോക്കൂ, 1990 നു ശേഷം കേരളത്തില്‍ എവിടെയെങ്കിലും ഒരു സെന്റ് വസ്തു 100 രൂപയ്ക്ക് കിട്ടുമോ. ഇത് ഏതൊരാള്‍ക്കും പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന കാര്യമാണ്. കബളിപ്പിച്ചവര്‍ നിയമപരമായി എല്ലാം ശരിയാക്കി നല്ലവരായി. കബളിപ്പിക്കപ്പെട്ട ഞാന്‍ തെരുവില്‍ നില്‍ക്കുന്നു. നീതിയും ന്യായവും എവിടെയാണ് സര്‍ നില്‍ക്കുന്നത്. സര്‍, എന്റെ സ്ഥലം ലോണെടുത്തു വീടുവെയ്ക്കാനായിരുന്നു സുഗന്ധിയും ഭര്‍ത്താവും വാങ്ങിയത്. അവര്‍ക്ക് വീടുവെയ്ക്കാന്‍ സ്ഥലം വിട്ടുകൊടുത്തപ്പോള്‍ എനിക്ക് നഷ്ടമായത് കിടപ്പാടമാണ്. സുഗന്ധിയും ബിജുമോനും ലോണടയ്ക്കാതെ വന്നപ്പോള്‍ ബാങ്ക് ജപ്തി ചെയ്തു. സുഗന്ധിയും ബിജുമോനും സര്‍ക്കാര്‍ ജീവനക്കാരാണ്(ഒരാള്‍ കൃഷിവകുപ്പിലും, മറ്റേയാള്‍ നിയമസഭയിലും). കുറഞ്ഞപക്ഷം 50,000 രൂപയ്ക്കു മുകളില്‍ ശമ്പളം വാങ്ങുന്നവര്‍. അവരാണ് ലോണടവില്‍ വീഴ്ചവരുത്തി ജപ്തിക്കു വഴിവെച്ചത്.
സ്ഥലവും വീടും ജപ്തി ചെയ്തപ്പോള്‍ കിട്ടിയ ബാക്കി പണവും സുഗന്ധിയും ബിജുമോനും എടുത്തു. അപ്പോഴും എന്റെ സ്ഥലത്തിന്റെ ന്യായമായ വില നല്‍കാന്‍ അവര്‍ തയ്യാറായില്ല എന്നിടത്താണ് കബളിപ്പിക്കലിന്റെ പൂര്‍ണ്ണത. സ്ഥലവും വീടും പോയതോടെ പെരുവഴിയിലായ എന്നെ സഹായിക്കാന്‍ ആരുമില്ലാതായി. ഞാന്‍ വിവാഹം കഴിച്ചിട്ടുമില്ല. അനാഥാലയത്തിലോ, സര്‍ക്കാര്‍ ഓള്‍ഡേജ് ഹോമിലോ ആക്കാമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞെങ്കിലും, തന്റെ വസ്തുവിന് കിട്ടേണ്ട ന്യായമായ തുക കിട്ടാനുള്ള വഴിയാണ് ഞാന്‍ തേടിയത്. എന്റെപേരില്‍ ഒരുതരി മണ്ണ് വേറെയില്ല. എന്നാല്‍, സുഗന്ധിയുടെ പേരിലും ബിജുമോന്റെ പേരില്‍ നിലവും വസ്തുക്കളും വീടുമുണ്ട്. എന്റെ വസ്തു കരഭൂമിയാണെന്നും വീടുവെയ്ക്കാന്‍ കൊള്ളാവുന്നതാണെന്നും, തന്നെ നോക്കിക്കൊള്ളാമെന്നുമൊക്കെ പറഞ്ഞാണ് അന്ന് പ്രമാണം ചെയ്തത്. പ്രമാണത്തില്‍ എന്റെ അവകാശാധികാരത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നു. എന്നാല്‍, ആ അവകാശാധികാരത്തെ ഇല്ലായ്മ ചെയ്യാനായിരുന്നു പിന്നീട് 50 രൂപ പത്രത്തില്‍ 500 രൂപയുടെ വിലയാധാരത്തില്‍ ഒഴിവുകുറി എഴുതി വാങ്ങിയത്. അതോടെ എന്റെ വസ്തുവിന്‍മേല്‍ നിയമപരമായി സുഗന്ധിയും ബിജുമോനും അധികാരം സ്ഥാപിക്കുകയായിരുന്നു. അതുകൊണ്ടു കൂടിയാണ് ലോണെടുത്തിട്ട്, ബോധപൂര്‍വ്വം അടയ്ക്കാതെ സ്ഥലവും വീടും ജപ്തിക്കു വിട്ടതും. ബാങ്ക് ജപ്തി ചെയ്താല്‍ എനിക്ക് എന്തു ചെയ്യാനാകും. വസ്തുവും, കയറി കിടക്കാടവും പോയത് എനിക്കായിരുന്നു. പക്ഷെ, ജപ്തിചെയ്ത ബാങ്ക്, പണം വസൂലാക്കിയ ശേഷം ബാക്കിവന്ന തുക സുഗന്ധിക്കു നല്‍കുകയും ചെയ്തു. സര്‍, എന്റെ വസ്തുവിന് കിട്ടേണ്ടിയിരുന്ന ന്യായമായ വില എനിക്കു വാങ്ങിത്തരാന്‍ സമക്ഷത്തോട് അപേക്ഷിക്കുന്നു. അല്ലെങ്കില്‍, ജപ്തിക്കു ശേഷം ബാങ്കില്‍ നിന്നും ലഭിച്ച തുക എനിക്കു വാങ്ങിത്തരാന്‍ അപേക്ഷിക്കുന്നു.
സര്‍, അതിനു ശേഷം ഞാന്‍ നിയമപരമായും പോരാടിയെങ്കിലും ഫലമണ്ടായില്ല. കൈയ്യില്‍ പണവും, പിടിപാടും, സര്‍ക്കാര്‍ സംരക്ഷണയുമുള്ളവരുടെ മുമ്പില്‍, ചന്തയില്‍ പത്തു രൂപയ്ക്ക് പച്ചക്കറി വിറ്റു ജീവിക്കുന്ന എനിക്ക് എങ്ങനെ ന്യായത്തിനു വേണ്ടി പൊരുതാനാകും. ഭീമമായ വക്കീല്‍ ഫീസ് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. മാത്രമല്ല, എന്റെ വിക്കീലും മറുകണ്ടം ചാടിയതോടെ ഞാന്‍ വീണുപോയി. അന്യന്റെ വീട്ടില്‍ അഭയം തേടുന്നവര്‍ക്കല്ലേ, അതിന്റെ വേദനയും വിഷമവും അറിയൂ. ഒരുനേരത്തെ ആഹാരം കഴിക്കാന്‍ പോലും പറ്റാത്ത ഗതികേടിലായിട്ടുണ്ട്. രക്ഷകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007 പ്രകാരമുള്ള നെടുമങ്ങാട് പ്രിസൈഡിംഗ് ഓഫീസര്‍(മെയിന്റനന്‍സ് ട്രൈബ്യൂണല്‍) ഉത്തരവ് പ്രകാരം ഞാന്‍ സംരക്ഷണത്തിന് അര്‍ഹയാണെന്ന് കാണുന്നു എന്നാണ്. എതിര്‍ക്ഷികള്‍(സുഗന്ധിയും ബിജുമോനും) സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി ഉത്തരവും ഇട്ടിട്ടുണ്ട്. ഈ ഉത്തരവ് ശരിയാംവണ്ണം പാലിക്കപ്പെടുന്നതിനും തുടര്‍ന്നുള്ള പരാതി പരിഹാരത്തിനും വിളപ്പില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ചുമതലപ്പെടുത്തിയും ഉത്തരവുണ്ട്. ഇതേ നിയമ പ്രകാരം ജില്ലാ കളക്ടറുടെ അപ്പലേറ്റ് ട്രൈബ്യൂണലും സമാന രീതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് 9-01-2025ലാണ്. ആ ഉത്തരവില്‍ പറയുന്നത്, ഞാന്‍ സംരക്ഷണത്തിന് അര്‍ഹതയുള്ളവരാണെന്നും, എനിക്ക് ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നാണ്. ഇത് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
സര്‍, ഈ ഉത്തരവുകള്‍ ഒന്നും നടപ്പാക്കാന്‍ സുഗന്ധിയോ, ബിജുമോനോ ഇതുവരെ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, തനിക്കെതിരേ ഗൂഢാലോചന നടത്തുകയുമാണ് ചെയ്തത്. തന്നെ ഇല്ലാതാക്കുമെന്നും, ഏതെങ്കിലും ഓടയില്‍ ചത്തു കിടക്കുന്നതു കാണുമെന്നുമൊക്കെയാണ് പറഞ്ഞു നടക്കുന്നത്. സര്‍, അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നതു പോലെ എനിക്ക് ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും, ആരോഗ്യ സംരക്ഷണവും നല്‍കാന്‍ കഴിവില്ലാത്തവരല്ല, സര്‍ക്കാര്‍ ജീവനക്കാരായ സുഗന്ധിയും ഭര്‍ത്താവും. എന്നാല്‍, എനിക്ക് അര്‍ഹതപ്പെട്ട വസ്തു കബളിപ്പിച്ച് കൈക്കലാക്കിയ ഇവരെ എനിക്ക് പൂര്‍ണ്ണമായും വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയാണുള്ളത്. എന്റെ ജീവന് വരെ ഭീഷണി ഉയര്‍ത്തിയവരാണ് ഇവര്‍. എന്റെ കിടപ്പാടം പോയതിനു ശേഷം പെരുവഴിയില്‍ നിന്ന എന്നെ സംരക്ഷിക്കാന്‍ ഇതുവരെ തയ്യാറാവാത്ത ഇവരെ വിശ്വാസമില്ലെന്നു മാത്രമല്ല, എന്നെ കൊല്ലാനും ഇവര്‍ മടിക്കില്ല. ഈ പേടി എനിക്കെപ്പോഴുമുണ്ട്. മനുഷ്യത്വം ഇല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരാണ് സുഗന്ധിയും ബിജുമോനും.
ഇവരില്‍ നിന്നും നീതിയോ, ന്യായമോ കിട്ടില്ലെന്നുറപ്പാണ്. എഴുത്തും വായനയുമറിയാത്ത എന്നെ കബളിപ്പിച്ച് കൈക്കലാക്കിയ എന്റെ വസ്തുവിന്റെ യഥാര്‍ഥ വില എനിക്കു നല്‍കാന്‍ ഇവര്‍ തയ്യാറാകണം. ഇല്ലെങ്കില്‍, ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം, പാര്‍പ്പിടവും, വസ്ത്രവും, ഭക്ഷണവും ആരോഗ്യ സംരക്ഷണം എന്നിവ ചെയ്യണം. സര്‍, ഇപ്പോഴത്തെ നിലയില്‍ സുഗന്ധിയും ഭര്‍ത്താവിനും ഇതെല്ലാം ചെയ്യാന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയുണ്ട്. മാത്രമല്ല, സ്വന്തമായി വീടുമുള്ളവരാണ്. എന്നാല്‍, അവരുടെ ഭാഗത്തു നിന്നും കബളിപ്പിക്കപ്പെട്ട എന്നോട് വൈരാഗ്യബുദ്ധിയോടെ പെരുമറുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഭയമുള്ളതിനാല്‍, എനിക്ക് മാസം 45,000 രൂപ വെച്ച് വാങ്ങി നല്‍കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. മാസം ഭക്ഷണത്തിന് 10,000 രൂപ, വാടക വീടിന് 15,000 രൂപ, വസ്ത്രം വാങ്ങാന്‍ 5,000 രൂപ, ആരോഗ്യ സംരക്ഷണത്തിനും, എന്നെ നോക്കാന്‍ ഒരാളെ നിര്‍ത്തുന്നതിനും വേണ്ടി 15,000 രൂപ.
അവര്‍ എന്നോട് ചെയ്ത ക്രൂരതയ്ക്കും തട്ടിപ്പിനും ഇത്രയെങ്കിലും കിട്ടിയില്ലെങ്കില്‍ എനിക്ക് ജീവിക്കാനാവില്ല. സാധനങ്ങളുടെ വിലയും, വാടകയ്ക്ക് ഒരു വീട് കിട്ടുന്നതിനും, മരുന്നുകള്‍ക്കുമെല്ലാം നല്ല തുക കൊടുക്കേണ്ടി വരും. ഇതില്‍ കുറച്ച് ചിന്തിക്കാന്‍ പോലുമാവില്ല. ഈ തുക നല്‍കാന്‍ സുഗന്ധിക്കും ബിജുമോനും നിസ്സാരമായി സാധിക്കുകയും ചെയ്യും.സര്‍, ഇതിനു പോലും അവര്‍ തയ്യാറാകുന്നില്ലെങ്കില്‍, കബളിപ്പിച്ചെടുത്ത വസ്തുവിന്റെ വില, ന്യായമായയി നല്‍കാന്‍ തയ്യാറാകണമെന്നാണ് എന്റെ ആവശ്യം. നിലവില്‍ ആ വസ്തുവിന്റെ വില അന്വേഷിച്ച ശേഷം എത്ര രൂപയാകും കിട്ടുക എന്ന് മനസ്സിലാക്കിയിട്ട് എനിക്കു വില തന്നാല്‍ മതി. വെറും 500 രൂപയ്ക്ക് സര്‍ക്കാര്‍ ജോലിയുള്ള ദമ്പദികള്‍ വസ്തു വാങ്ങിയെന്നു കേട്ടാല്‍ ആരായാലും ആദ്യം ചിന്തിക്കുക, വസ്തു കൊടുത്തയാള്‍ക്ക് വട്ടാണെന്നായിരിക്കും. അല്ലെങ്കില്‍ ചിന്തിക്കുന്നത്, വാങ്ങിയവര്‍ മറ്റേയാളെ പറ്റിച്ചു എന്നല്ലേ. ഇതില്‍ നടന്നിരിക്കുന്നത്, എന്റെ എഴുത്തും വായനയും അറിയാതിരുന്നതിനെ അവര്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചതാണ്. പറ്റിച്ചതാണ്. ഇതാണോ സര്‍ ന്യായം. ഇതാണോ സര്‍ നീതി. എനിക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക. അക്ഷരാഭ്യാസമില്ലാത്ത, തെരുവില്‍ നില്‍ക്കുന്ന, കുടുംബമില്ലാത്ത, ചന്തയില്‍ കരിങ്കല്ലില്‍ ഇരുന്ന് മണ്ണെണ്ണ വിളക്കില്‍ പച്ചക്കറി വിറ്റു ജീവിക്കുന്ന പാവപ്പെട്ട എനിക്ക് ആരാണ് സര്‍ മാനുഷിക പരിഗണ നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരായ, ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന, ജീവിതം ആസ്വദിക്കുന്ന, സ്വന്തമായി വീടുള്ള, കുടുംബമുള്ളവരാണ് സര്‍ അവര്‍. അവര്‍ ചെയ്ത തെറ്റ് എന്താണെന്നു പോലും ആരും ചോദിക്കാതെ പോകുന്നതെന്താണ്. അവര്‍ കാണിച്ച നീതികേടിനെ ആരും ചോദിക്കാതെ പോകുന്നു. എല്ലാം നിയമത്തിന്റെ വഴിയേ അവര്‍ ന്യായം പറഞ്ഞ് എന്നെ പെരുവഴിയില്‍ മഴ നനയിക്കുകയാണ് സര്‍. എന്നെ രക്ഷിക്കണം. എനിക്ക് ജീവിതത്തിന്റെ ഈ അവസാന നാളുകളിലെങ്കിലും സമാധാനമായി ജീവിച്ചു മരിക്കണം. എനിക്ക് മറ്റുള്ളവരെപ്പോലെ തന്നെ ജീവിക്കാനുള്ള അവകാശമുണ്ട്. എന്റെ വസ്തുവിന്റെ വില കിട്ടിയാല്‍ മാത്രം മതി.
വിശ്വസ്തതയോടെ
വസന്ത















