പാലക്കാട്: സഞ്ജിത്ത് വധക്കേസുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ എസ്.ഡി.പി.ഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ്. നെന്മാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് മേഖലയിലെ ഓഫീസുകളിലാണ് പൊലീസ് പരിശോധന നടത്തിയത്.
മേഖലയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പൊലീസ് പരിശോധന നടത്തി. കൊലപാതകത്തിൽ എട്ട് പ്രതികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ മൂന്നുപേരെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് പിടിയിലായവര്‍.
കേസിൽ ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോൾ എസ്ഡിപിഐ പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു. എന്നാൽ റെയ്ഡിൽ പ്രധാനപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

















