തിരുവനന്തപുരം:ലുലു ഗ്രൂപ്പിന്റെ തലസ്ഥാനത്തെ മാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനം ആരംഭിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ 9 മണി മുതലാകും മാളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലുമാൾ എന്ന് അധികൃതർ പറഞ്ഞു. 2000 കോടി രൂപ നിക്ഷേപത്തിൽ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ടെക്നോപാർക്കിനു സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്. രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ മുഖ്യ ആകർഷണം.
ടെക്നോളജി ട്രെൻഡുകളുമായി ലുലുകണക്ട്, ലുലുഫാഷൻ സ്റ്റോർ, മലയാളികളുടെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിങിനു പുത്തൻ അനുഭവം നൽകുന്നതാണ് മാൾ. 300ൽപരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലെ ഷോപ്പുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരേസമയം 2500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടും സജ്ജമാണ്. കുട്ടികൾക്ക് വിനോദത്തിന്റെ ലോകമൊരുക്കി ഫൺട്യൂറ എന്ന എന്റർടൈൻമെന്റ് സെന്ററും മാളിൽ ഒരുക്കിയിട്ടുണ്ട്. 80,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഫൺട്യൂറ നിർമിച്ചത്.
മാളിനകത്ത് കേബിൾ കാറിൽ ചുറ്റാൻ സിപ് ലൈൻ സർവീസുമുണ്ട്. പിവിആർ സിനിമാസ് ഒരുക്കുന്ന 12 സ്ക്രീനുകളുള്ള സൂപ്പർ പ്ലക്സ് തിയറ്റർ ഉടൻ തുറക്കും. എട്ടു നിലകളുള്ള മൾട്ടി ലെവൽ സംവിധാനത്തിൽ 3500 വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇതിൽ ബേസ്മെന്റിൽ മാത്രം 1000 വാഹനങ്ങൾക്കും, ഓപ്പൺ പാർക്കിങ് ഏരിയയിൽ 500 വാഹനങ്ങൾക്കും പാർക്കിങ് സൗകര്യമുണ്ടാകും. ഗതാഗത തടസ്സമില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്കു പ്രവേശിക്കാനും പുറത്തെത്താനുമായി പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാർക്കിങ് ഗൈഡൻസ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. മാളിലേക്കു കെഎസ്ആർടിസിയുടെ സിറ്റി സർവീസുകളുമുണ്ടാകും.

















