ന്യൂഡല്‍ഹി: സെമി കണ്ടക്ടര്‍ നിര്‍മാണത്തില്‍ പുതുസംരംഭകരെ അടക്കം പ്രോത്സാഹിപ്പിക്കാനുള്ള 76,000 കോടിയുടെ പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.സെമി കണ്ടക്ടര്‍ രൂപകല്പന, അനുബന്ധ ഭാഗങ്ങളുടെ നിര്‍മാണം, ഡിസ്പ്ലേ ഫാബ്രിക്കേഷന്‍ യൂനിറ്റുകള്‍ എന്നിവക്കായി അടുത്ത ആറുവര്‍ഷത്തേക്കുള്ള പ്രോത്സാഹന പദ്ധതിയാണിത്.
ഇന്ത്യയെ ഇലക്ട്രോണിക്സ് ഹബ് ആയി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി 85,000 പേര്‍ക്ക് പരിശീലനം നല്‍കും. സംരംഭങ്ങള്‍ക്ക് ഉല്പാദന ബന്ധ ബോണസ് അനുവദിക്കും.സെമി കണ്ടക്ടര്‍ ചിപ്പിന് ആഗോളതലത്തില്‍ കടുത്തക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കാര്‍, ഫോണ്‍, ടി.വി, ലാപ്ടോപ്, തുടങ്ങി നിരവധി ഉല്പന്നങ്ങളില് ഉപയോഗിച്ചു വരുന്ന ഇലക്ട്രോണിക് സാമഗ്രിയാണ് സെമി കണ്ടക്ടറുകള്‍.