ശ്രീനഗര്‍: പാകിസ്ഥാനി കൊടും ഭീകരന്‍ അബു സറാറിനെ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു. കശ്മീരിലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സൈനിക നീക്കത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് അബു സറാറി കൊല്ലപ്പെട്ടതെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പൂഞ്ചിലെ ബെഹ്റാംഗാലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് സായുധരായ തീവ്രവാദികൾ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസും സൈന്യവും ചേർന്ന് ഇവിടം വളഞ്ഞത്. ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും ആരെയും പിടികൂടിയിരുന്നില്ല. എന്നാൽ രാവിലെ ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
രജൗരിയിലും പൂഞ്ചിലും ഭീകരപ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ട ആളായിരുന്നു അബു സറാറ. ലഷ്‌കർ ഇ ത്വായ്ബയുമായി ബന്ധപ്പെട്ടായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്. ഇയാളില്‍ നിന്ന് സൈന്യം എകെ 47 തോക്കുകളും തിരകളും ഗ്രനേഡുകളും കറന്‍സികളും പിടിച്ചെടുത്തു. ഇയാളുടെ പാകിസ്ഥാന്‍ ബന്ധം തെളിയിക്കുന്നവയാണ് കണ്ടെടുത്ത വസ്‌തുക്കളെന്ന് സൈനിക വക്താവ് അറിയിച്ചു.
പ്രദേശത്തെ വനത്തിലാണ് ഇയാള്‍ ഒളിച്ചുകഴിഞ്ഞിരുന്നത്. തീവ്രവാദികളെക്കുറിച്ച് പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികനീക്കമുണ്ടായത്.
യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് അടക്കമുള്ളവയാണ് ഇയാൾ നിർവ്വഹിച്ചുവന്നതെന്ന് പൊലീസ് പറഞ്ഞു. പാക്കിസ്ഥാനിൽ നിന്ന് ഇയാൾക്ക് വിദഗ്ധ പരിശീലനവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ മേഖലയിൽ പ്രവർത്തിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചത്.
മേഖലയിൽ ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള പാക് ഭീകരസംഘടനകളുടെ അജൻഡ അനുസരിച്ചായിരുന്നു അബു സറാറയുടെ പ്രവർത്തനം. ഇയാളെ പിടികൂടാൻ പൊലീസ് പലതവണ ശ്രമിച്ചിരുന്നെങ്കിലും രക്ഷപെടുകയായിരുന്നു. പലപ്പോഴും മാസങ്ങളോളം ഉൾവനത്തിലേക്ക് മാറിയും ഇയാൾ പിടികൊടുക്കാതിരുന്നു. എന്നാൽ ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും മൊബൈൽ ഫോൺ പോലുള്ള വസ്തുക്കൾക്കും ഇവർക്ക് വീണ്ടും ഗ്രാമത്തിലേക്ക് എത്തേണ്ടി വന്നതാണന്ന് സേനാ വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
















