കൊച്ചി: കാഫ്കയുടെ ട്രയല്‍ എന്ന നോവലിലെ ജോസഫ് കെ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ദിവസത്തെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ നോക്കി കാണുകയാണ് ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ്വര്‍ക്കിന്റെ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ച ‘കെ’ എന്ന മലയാളം ഷോര്‍ട്ഫിലിം.കാഫ്കയുടെ നോവലില്‍ ജോസഫ് കെ എന്ന കഥാപാത്രത്തെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് അയാള്‍ ചെയ്ത കുറ്റമെന്താണ് എന്ന് തീരുമാനിക്കപ്പെടുന്നത്. ഭരണകൂടങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിരപരാധികള്‍ പോലും രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെട്ട് വിചാരണപോലും ഇല്ലാതെ തടവില്‍ കഴിയുന്ന കാലത്ത് കെ കാലത്തിന്റെ രേഖപ്പെടുത്തലാണെന്ന് പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു.
രാജ്യസ്നേഹികളെന്ന് സ്വയം പേര് ചാര്‍ത്തുന്ന അഭിനവ ഗീബല്സിയന്മാര്‍ തങ്ങളുടെ കുറ്റകൃത്യങ്ങള്‍ക്ക് പോലും ദേശീയതയുടെ മുഖമൂടി മറയായിട്ട് ഉപയോഗിക്കുന്നതെങ്ങനെയെന്ന് കറുത്ത ഹാസ്യത്തിന്റെ ചേരുവകളിലൂടെ കെ കോറിയിടുന്നു.ഒറ്റഷോട്ടില്‍ ചിത്രീകരിച്ച, ഒരു കഥാപാത്രം മാത്രം ഭൂരിഭാഗം സമയവും സ്ക്രീനില്‍ വരുന്ന കെ അമേരിക്കയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.
അമേരിക്കന്‍ മലയാളികളായ ബേബി തോട്ടക്കര, ശ്രീജയന്‍, ശില്‍പ അരുണ്‍വിജയ് എന്നിവരാണ് കെ യിലെ അഭിനേതാക്കള്‍. സിജിത് രചനയും സംവിധാനവും നിര്‍വഹിച്ച പത്ത് മിനിറ്റില്‍ താഴെയുള്ള ഈ ഷോര്‍ട്ഫിലിം ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ്വര്‍ക്കിന്റെ വിമിയോ വീഡിയോ ഓണ്‍ ഡിമാന്റ് പ്ലാറ്റ്ഫോമിലും, യൂട്യുബിലും ലഭ്യമാണ്. ഇതിനോടകം ഏഴോളം ചലച്ചിത്ര ഫെസ്ടിവലുകളില്‍ പ്രാതിനിധ്യം നേടിയിട്ടുണ്ട് ഈ രാഷ്ട്രീയ പ്രാധാന്യമുള്ള ഷോര്‍ട്ഫിലിം.
















