ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ദുബായിൽ നിന്നെത്തിയ രണ്ട് മഹാരാഷ്‌ട്ര സ്വദേശികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 40 ആയി. കേരളം, ആന്ധ്രാപ്രദേശ്, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിൽ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്‌ട്രയിൽ വീണ്ടും രോഗികൾ റിപ്പോർട്ട് ചെയ്തത്.
അതേസമയം ഒമിക്രോൺ വകഭേദം സംശയിക്കുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും.രാജ്യത്ത് പലയിടത്തും ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്.കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലായ കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ വിദഗ്ദ്ധ സമിതി ചര്‍ച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്.
















