തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ ഡോക്ടർമാർ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ അവഗണന തുടരുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ നടത്തുന്ന നിൽപ് സമരം ഏഴാം ദിവസത്തിലേക്ക്. തിങ്കളാഴ്ച ഇടുക്കി ജില്ലയിൽനിന്നുള്ളവരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. സർക്കാർ ഡോക്ടർമാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡൻറ് ഡോ. എസ്. ബിനോയ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് മെഡിക്കൽ കോളജ് അധ്യാപകരുടെ സമ്പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തിയ ഹൗസ് സർജൻമാർ സമരം അവസാനിപ്പിച്ച് ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കും. 24 മണിക്കൂറായിരുന്നു ഹൗസ് സർജന്മാരുടെ സൂചനാ പണിമുടക്ക്.ഇന്നലെ പിജി ഡോക്ടർമാരുട സമരത്തെ പിന്തുണച്ച് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) രംഗത്ത് വന്നിരുന്നു. സമരത്തിനോട് സർക്കാരിന് നിസംഗതയാണെന്നും സമരത്തിൽ സർക്കാർ ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

















