ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ ചോദ്യപേപ്പറിലെ വിവാദ ചോദ്യം പിൻവലിച്ചു. വിഷയം സോണിയ ഗാന്ധി പാർലമെൻറിൽ ഉന്നയിച്ചതിന് പിന്നാലെയാണ് വിവാദ ചോദ്യം പിൻവലിച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചത്. ഖേദം പ്രകടിപ്പിച്ച സി.ബി.എസ്.ഇ, ചോദ്യപേപ്പർ തയാറാക്കുന്ന നടപടി പരിശോധിക്കാൻ പ്രത്യേക സമിതിയെ വെക്കുമെന്നും വ്യക്തമാക്കി. ശനിയാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷയിൽ ഉത്തരം കണ്ടെത്താനായി നൽകിയ ഖ ണ്ഡികയിലാണ് കടുത്ത സ്ത്രീവിരുദ്ധത കുത്തിനിറച്ചത്.
സത്രീ – പുരുഷ സമത്വം ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കി. സ്ത്രീ – പുരുഷ സമത്വം വന്നതോടെ കുടുംബത്തിന്റെ അധികാരി എന്ന സ്ഥാനത്തുനിന്ന് പുരുഷനെ താഴെയിറക്കിയതിലൂടെ ഭാര്യയും അമ്മയും കുടുംബത്തിന്റെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം.
സ്ത്രീ – പുരുഷ സമത്വം വന്നതോടെ കൗമാരക്കാരുടെ മേൽ രക്ഷിതാക്കൾക്ക് ആധിപത്യം ഇല്ലാതാകാൻ കാരണമായതായും ചോദ്യപേപ്പർ ചൂണ്ടിക്കാട്ടുന്നു. ചോദ്യപേപ്പറിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരമാര്‍ശത്തെ കുറിച്ച് സിബിഎസ്ഇ പരീക്ഷാ ബോര്‍ഡില്‍ വിളിച്ച് വിയോജിപ്പ് രേഖപ്പെടുത്തിയത്.സി.ബി.എസ്.ഇ നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷയിലാണ് പ്രകടമായ സ്ത്രീവിരുദ്ധത കണ്ടെത്തിയത്. വിദ്യാഭ്യാസത്തിന്റെയും പരീക്ഷയുടെയും മോശം നിലവാരമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
















