തിരുവനന്തപുരം: പോത്തൻകോട് കല്ലൂർ പാണൻവിള വിഎസ് ഭവനിൽ സജീവിന്റെ വീട്ടിനുള്ളിൽ വച്ച് ചെമ്പകമംഗലം പുന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (32) വെട്ടിക്കൊന്ന കേസില്‍ രണ്ടു പേർ കൂടി പിടിയിലായി.
നന്ദു. ജിഷ്ണു എന്നിവരാണ് പിടിയിലായത്. മൂന്നു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. രാജേഷ്. ഉണ്ണി, ശ്യാം എന്നിവരാണ് ഒളിവിൽ ഉള്ളത്. ഇതോടെ പിടിയിലായവരുടെ എണ്ണം 8 ആയി.
ഇന്നലെ പിടിയിലായ മൂന്ന് പേരെ ഇന്ന് റിമാൻഡ് ചെയ്തിരുന്നു. വിഷ്ണു, അരുൺ, സച്ചിൻ എന്നിവർ ഇന്ന് പിടിയിലായിരുന്നു.
മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടിൽവച്ചാണ് പ്രതികൾ ഇന്നലെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുധീഷിനെ പ്രതികൾ കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിൻറെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകൾ എത്തുന്നതിൻറെയും കാൽ റോഡിലെറിയുന്നതിൻറെയും സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിൻറെ മരണമൊഴിയുമുണ്ട്. ഗുണ്ടാനേതാവ് രാജേഷിൻറെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നത്.

















