കൊച്ചി: പ്രായപൂർത്തിയാവാത്ത 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മോൻസൺ മാവുങ്കലിന്‍റെ മേക്കപ്പ് മാനും, മാനേജറുമായിരുന്ന ജോഷി സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയും എറണാകുളം പോക്സോ കോടതി ഇന്ന് തള്ളി. 2019 കാലഘട്ടത്തിൽ എറണാകുളത്തെ മോൻസന്റെ വീട്ടിൽ വച്ച് പ്രതി പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു എന്നാണ് കേസ്സ്.
ജാമ്യാപേക്ഷയിലെ വാദത്തിനിടെ പ്രോസിക്യൂഷനും പ്രതിഭാഗവും പലതവണ കോടതിയിൽ ഏറ്റുമുട്ടി. പ്രതിക്കെതിരെ ബലാൽസംഗം നിലനിൽക്കില്ല എന്ന പ്രതിഭാഗത്തിന്റെ വാദമാണ് പ്രോസിക്യൂഷനെ ചൊടിപ്പിച്ചത് .ഇതിനെ തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ ബലാൽസംഗത്തെപ്പറ്റിയുള്ള നിർവചനം തലനാരിഴകീറി വ്യാഖ്യാനിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ P.A. ബിന്ദു നടത്തിയ മറുവാദങ്ങൾ പ്രതിഭാഗം വാദങ്ങളുടെ മുനയൊടിക്കുകയായിരുന്നു.
ജോഷി ഒക്ടോബർ മാസം 25ാം തീയതി മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘമാണ് മോൻസനും ജോഷിക്കും എതിരെയുള്ള കേസുകൾ അന്വേഷിക്കുന്നത്.
















