പത്തനംതിട്ട: റാന്നിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിൽ. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി (21)യാണ് അറസ്റ്റിലായത്.
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിച്ചാണ് കൊന്നത്. 27 ദിവസം മാത്രം പ്രായമുള്ള അൺകുഞ്ഞാണ് മരിച്ചത്.
കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയെ ചോദ്യംചെയ്തതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു.
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നതായാണ് അമ്മയുടെ മൊഴി. സംഭവദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

















